ബാണാസുര അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ആശങ്ക വേണ്ട
text_fieldsവെള്ളമുണ്ട: മഴ ശക്തമായതോടെ ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. മഴ തുടരുന്നതിനാൽ നിരീക്ഷണവും മറ്റ് ഒരുക്കങ്ങളും ആരംഭിച്ചു. മഴ തുടങ്ങിയതു മുതൽ ഏറ്റവും കൂടിയ ജല നിരപ്പിലേക്കെത്തിയത് കഴിഞ്ഞ ദിവസമാണ്. ശനിയാഴ്ച ഉച്ചയോടെ 766.50 മീറ്ററായി ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലം കൂടുതലാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 763.60 ആയിരുന്നു ജലനിരപ്പ് . 773.90 മീറ്റർ എത്തിയാൽ മാത്രമേ ഷട്ടർ തുറക്കുകയുള്ളൂവെന്ന് ഡാം അധികൃതർ അറിയിച്ചു. മഴ ഇതേരീതിയിൽ തുടർന്നാലും അടുത്ത ദിവസങ്ങളിലൊന്നും ഷട്ടർ തുറക്കേണ്ട അവസ്ഥ വരില്ല. എന്നാൽ, മഴയുടെ ശക്തി കൂടിയാൽ ഷട്ടർ തുറക്കേണ്ടി വരും.
മുൻ വർഷങ്ങളിൽ ഷട്ടർ തുറന്നതും തുടർന്നുണ്ടായ വെള്ളപ്പൊക്കവും വലിയ വിവാദത്തിനിടയാക്കിയിരുന്നു. അണക്കെട്ട് നിറയുന്നതു വരെ കാത്തിരുന്ന് ഒരുമിച്ച് വെള്ളം തുറന്നു വിടുന്ന പ്രക്രിയ ഉണ്ടാവില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്. അഞ്ചു കിലോമീറ്റർ പരിധിയിൽ മുന്നറിയിപ്പ് നൽകുന്നതിനുള്ള സൈറൺ അടക്കം സ്ഥാപിച്ചു.
കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയിലേക്കാണ് ബാണാസുര സാഗറിൽ നിന്നു ജലം തുറന്നു വിടുന്നത്. കുറ്റ്യാടി പദ്ധതിയുടെ കക്കയം ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ബാണാസുര സാഗറിൽ നിന്നു ജലം തുറന്നു വിടുന്നത് നിർത്തി. വേനൽ കാലത്ത് വരണ്ടുണങ്ങിയ വൃഷ്ടി പ്രദേശങ്ങളിൽ ജലം നിറഞ്ഞു തുടങ്ങി. ഇരുപതോളം കുന്നുകൾക്ക് താഴെ പരന്നു കിടക്കുകയാണ് ജലാശയം. ആർത്തു പെയ്തിറങ്ങുന്ന മഴ ദിവസങ്ങൾ കൊണ്ട് തന്നെ അണക്കെട്ടിനെ സമൃദ്ധമാക്കി. ഏഴ് ടി.എം.സിയോളം വെള്ളമാണ് ബാണാസുര സാഗറിെൻറ സംഭരണ ശേഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.