കോഴിമാലിന്യത്തിൽനിന്ന് ബയോ ഡീസൽ; ഡോ. ജോൺ അബ്രഹാമിന് സ്വപ്നസാക്ഷാത്കാരം
text_fieldsവൈത്തിരി: കോഴിമാലിന്യത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന ബയോ ഡീസലിന് പേറ്റൻറ് നേടിയതോടെ പൂക്കോട് വെറ്ററിനറി സർവകലാശാല ലൈവ്സ്റ്റോക് വിഭാഗം അസോ. പ്രഫസർ ഡോ. ജോൺ എബ്രഹാമിന് സ്വപ്നസാക്ഷാത്കാരം. ലോക ഇന്ധന വിപണിയിൽതന്നെ ശ്രദ്ധേയമാകുന്ന കണ്ടെത്തലിനാണ് പേറ്റൻറ് ലഭിച്ചത്. ഹരിതഗൃഹ വാതക നിർഗമനവും അർബുദസാധ്യതയും കുറക്കുന്നതും മാലിന്യത്തിൽനിന്ന് വരുമാനം ഉണ്ടാക്കുന്നതുമായ ഈ സാങ്കേതികവിദ്യ ഭാവിയുടെ വാഗ്ദാനമായേക്കും. ബയോഡീസലിെൻറ ഇപ്പോഴത്തെ ഉൽപാദനച്ചെലവ് ലിറ്ററിന് 35.68 രൂപയാണ്.
മൂന്ന് മാസമായി പൂക്കോട് വെറ്ററിനറി കോളജ് ഇൻസ്ട്രക്ഷനൽ ലൈവ്സ്റ്റോക് ഫാമിലെ മഹീന്ദ്ര കമ്പനിയുടെ അർമാദ ജീപ്പിൽ ഉപയോഗിച്ചത് ചിക്കൻ മാലിന്യത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന 'ബയോ ഡീസൽ' ആയിരുന്നു. സർവകലാശാലയിലെ പ്ലാൻറിൽനിന്ന് തയാറാക്കുന്ന ഇത് മലിനീകരണമില്ലാത്തതാണ്. പ്രതിദിനം 50 ലിറ്റർ ശേഷിയുള്ള പൈലറ്റ് പ്ലാൻറാണ് സർവകലാശാലയിലുള്ളത്. സംസ്ഥാനത്ത് പ്രതിദിനം 5.3 ലക്ഷം പക്ഷികളാണ് കശാപ്പുചെയ്യപ്പെടുന്നത് എന്നാണ് കണക്ക്. പ്രതിദിനം 350 ടൺ കോഴിമാലിന്യമാണ് ഉണ്ടാവുന്നത്. ഇത് ചിക്കൻ സ്റ്റാളിൽനിന്ന് ഏജൻറുമാർ കിലോഗ്രാമിന് അഞ്ചു രൂപ നിരക്കിൽ ശേഖരിച്ച് ബയോഡീസലിന് ഉപയോഗിച്ചാൽ, നിലവിൽ ജനവാസകേന്ദ്രങ്ങളിലടക്കം തള്ളുന്ന മാലിന്യത്തിലൂടെ പരിസ്ഥിതിക്കും മനുഷ്യർക്കുമുണ്ടാവുന്ന ഭീഷണികൾ ഒഴിവാക്കാനാവും.
കോഴിമാലിന്യം ഉയർന്ന താപനിലയിൽ ചൂടാക്കിയാൽ 86 ശതമാനം ചിക്കൻ ഓയിലും 14 ശതമാനം ഗ്ലിസറോളും ലഭിക്കും. ഇതുപയോഗിച്ചാണ് ജൈവ ഇന്ധനമുണ്ടാക്കുന്നത്. ബയോ ഡീസൽ ബി.പി.സി.എല്ലിെൻറ കീഴിലുള്ള കൊച്ചി റിഫൈനറി ക്വാളിറ്റി കൺട്രോൾ ലാബിൽ പരീക്ഷിച്ചപ്പോൾ 'ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സി'െൻറ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. ചിക്കൻ മാലിന്യത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന ബയോ ഡീസലിെൻറ സീറ്റെയിൻ മൂല്യം 72 ആണ്. ഇത് പെട്രോ ഡീസലിെൻറ സീറ്റെയിൻ മൂല്യമായ 64നെ അപേക്ഷിച്ച് വാഹന എൻജിനുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നു.
ലോക ജനസംഖ്യയുടെ 16 ശതമാനം ഉള്ള ഇന്ത്യക്ക് ലോക എണ്ണ ശേഖരത്തിെൻറ വളരെ ചുരുങ്ങിയ ശതമാനം മാത്രമേ കണ്ടെത്താൻ കഴിയുന്നുള്ളൂ. ക്രൂഡ് ഓയിൽ ആവശ്യകതയുടെ 75 ശതമാനം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വ്യവസായികാടിസ്ഥാനത്തിൽ ബയോ ഡീസൽ ഉൽപാദിപ്പിക്കാൻ തുടങ്ങിയാൽ രാജ്യത്തിനുതന്നെ നേട്ടമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ കണ്ടുപിടുത്തത്തിന് ഡോ. ജോൺ അബ്രഹാമിന് 'ജി.എ.സ്ടി-ലോക്ഹീഡ് മാർട്ടിൻ-ഇന്ത്യ ഇന്നവേഷൻ ഗ്രോത്ത് പ്രോഗ്രാം -2016 അവാർഡ് ലഭിച്ചിരുന്നു. നിതി ആയോഗിെൻറ അടൽ ഇന്ത്യ ചലഞ്ച് 2019 അവാർഡും നേടിയിരുന്നു. തൃശൂർ മണ്ണൂത്തി സ്വദേശിയായ ഡോ. ജോൺ എബ്രഹാം 18 വർഷമായി കൽപറ്റയിലാണ് താമസം. കൽപറ്റ ഡിപോൾ പബ്ലിക് സ്കൂൾ ടീച്ചറായ നീതു സൂസൻ ആണ് ഭാര്യ. മക്കൾ: ജെസീക്ക സൂസൻ, നോഹ എബ്രഹാം, ജോനാതൻ ജെയിംസ്. മൂന്നുപേരും വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.