ബി.ജെ.പി കലഹം: അനുനയ നീക്കവുമായി നേതൃത്വം
text_fieldsസുൽത്താൻ ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിലെ സി.കെ. ജാനുവിെൻറ സ്ഥാനാർഥിത്വവും കോഴ ആരോപണവും പാർട്ടിയിൽ സൃഷ്ടിച്ച വിഭാഗീയത പരിഹരിക്കാൻ അനുനയനീക്കവുമായി ബി.ജെ.പി നേതൃത്വം.
പാർട്ടിയിൽ പ്രതിഷേധ ശബ്ദമുയർത്തിയവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് സൂചന. പ്രതിഷേധ ശബ്ദമുയർത്തിയവർ കാര്യമായി പ്രതികരിക്കാൻ ഇപ്പോൾ തയാറാകുന്നില്ല. സ്ഥാനാർഥിയാകാൻ ജാവുവിന് 35 ലക്ഷത്തോളം കൊടുത്തുവെന്ന ആരോപണം സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനേയും പ്രതിക്കൂട്ടിലാക്കിയിരുന്നു. സുരേന്ദ്രനുമായി അടുത്ത് ബന്ധമുള്ള നേതാക്കളാണ് ജാനുവിെൻറ തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിച്ചിരുന്നത്. ജെ.ആർ.പി ട്രഷറർ പ്രസീത അഴിക്കോട് അഴിച്ചുവിട്ട ആരോപണത്തെ തുടർന്ന് പ്രചാരണം നിയന്ത്രിച്ച നേതാക്കൾക്കെതിരെ സുൽത്താൻ ബത്തേരിയിലെ ഏതാനും ബി.ജെ.പി ഭാരവാഹികൾ പരസ്യമായി രംഗത്തുവന്നു. ക്രൈംബ്രാഞ്ച് അന്വേഷണവും വിവാദങ്ങളും പുരോഗമിക്കുന്നതിനിടയിലാണ് ജില്ല പ്രസിഡൻറിനെ മാറ്റുന്നത്.
ജാനുവിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻപിടിച്ചവരിൽ പ്രധാനിയായ കെ.പി. മധു ജില്ല പ്രസിഡൻറായതിന് പിന്നിൽ സംസ്ഥാന പ്രസിഡൻറിെൻറ വ്യക്തമായ കണക്കുകൂട്ടലുകളാണ്. ജാനുവിനെ പരസ്യമായി എതിർത്ത സജി ശങ്കറിനെ ഒഴിവാക്കിയാണ് പുതിയ പ്രസിഡൻറിനെ അവരോധിച്ചത്. എതിർക്കുന്നവർക്ക് വ്യക്തമായ സൂചന നൽകാനും ഈ മാറ്റത്തിലൂടെ സാധിച്ചു. അതിന് ശേഷമായിരുന്നു സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡൻറ് മദൻലാൽ രാജിവെച്ചത്. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതോടെ സംസ്ഥാന പ്രസിഡൻറിന് തെൻറ നീക്കം അണികളെ ബോധ്യപ്പെടുത്താനുമായി.
അതേസമയം, സുൽത്താൻ ബത്തേരിയിൽ പ്രതിഷേധിച്ച് രാജി വെച്ചവരാരും തനിക്ക് കത്ത് തന്നില്ലെന്ന് ജില്ല പ്രസിഡൻറ് കെ.പി. മധു പറഞ്ഞു.തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് അവരുടെ പ്രതിഷേധം. അവരുമായി ചർച്ച നടത്തും. ജാനുവിനെ സ്ഥാനാർഥിയാക്കിയതിന് ശേഷം അന്ന് ജില്ല പ്രസിഡൻറ് സജി ശങ്കർ പരസ്യമായി പ്രതിഷേധിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കാൻ സംസ്ഥാന നേതൃത്വം തയാറായതെന്നും മധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.