ബെറ്റാണ്, നാട് കാക്കും
text_fieldsപിണങ്ങോട്: കാറ്റിലും പേമാരിയിലും ആരും പ്രയാസപ്പെടരുതെന്ന് ആ മഞ്ഞക്കുപ്പായക്കാർക്ക് നിർബന്ധമാണ്. അതിനാലാണ്, തോരാമഴയും കാറ്റും വകവെക്കാതെ ഒറ്റഫോൺ വിളിക്കപ്പുറം നാടിനെ കാക്കാൻ അവർ ഓടിയെത്തുന്നത്. 2018ലെ പ്രളയകാലത്തിന് ശേഷം ഒരു കൂട്ടം യുവാക്കൾ ഒത്തുചേർന്നാണ് ബെറ്റ് (ബ്രേവ് എമർജൻസി ടീം) എന്ന സന്നദ്ധസംഘം രൂപവത്കരിക്കുന്നത്. പിണങ്ങോട് ആസ്ഥാനമായ സംഘത്തിൽ ഇപ്പോൾ 75ഓളം പ്രവർത്തകരുണ്ട്. ജില്ലയിലെ എല്ലാ ദുരന്തമേഖലകളിലും ഇവർ രക്ഷകരായെത്തിയിട്ടുണ്ട്. അഗ്നിരക്ഷ സേന, വനംവകുപ്പ്, പൊലീസ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ പരിശീലനം നേടിയവരാണ് അംഗങ്ങൾ. കഴിഞ്ഞ ദിവസം പിണങ്ങോട്ടെ അഗതിമന്ദിരമായ പീസ് വില്ലേജിൽ വെള്ളം കയറിയപ്പോൾ സാധനസാമഗ്രികൾ സുരക്ഷിതമായി മാറ്റിയത് ബെറ്റാണ്.
കോവിഡ് കാലത്ത് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാനടക്കം സ്വജീവൻ പണയംവെച്ചും ഇവർ മുന്നിലുണ്ടായിരുന്നു. മുങ്ങിമരണം, മഴക്കെടുതികൾ, മണ്ണിടിച്ചിൽ തുടങ്ങി വിദഗ്ധ രക്ഷാപ്രവർത്തനം വേണ്ട സാഹചര്യങ്ങളിൽ പലപ്പോഴും ബെറ്റ് ടീമിനെയാണ് അധികൃതർ വിളിക്കുക. പരിശീലനം ലഭിച്ചവരായതിനാൽ ദുരന്തമുഖത്ത് നിന്ന് ജീവനോടെ തന്നെ ആളുകളെ പുറത്തെത്തിക്കാനായിട്ടുണ്ട്. യുവാക്കളിലെ ലഹരി ഉപഭോഗത്തിനെതിരെ ബോധവത്കരണവും മറ്റു പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
നാട്ടിൽ അർഹരായവരുടെ വിവാഹങ്ങൾക്ക് സഹായം ചെയ്യുകയും ശാരീരിക അധ്വാനം വേണ്ടിടത്ത് അതിനും ഇവർ തയാറാണ്. നീന്തൽ, കരാട്ടെ, പാമ്പ് പിടുത്തം തുടങ്ങിയവയിൽ മറ്റുള്ളവർക്കും പരിശീലനം നൽകുന്നു.
അടുത്തിടെ താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ബെറ്റ് ടീമിന്റെ പ്രവർത്തനം ഏറെ ശ്രദ്ധ നേടിയിരുന്നു. ജില്ലക്ക് പുറത്തുണ്ടാകുന്ന അത്യാഹിതങ്ങളിലും സന്നദ്ധ പ്രവർത്തകരെ അയക്കാറുണ്ട്.
നിർധനകുടുംബങ്ങളുടെ വീട് നിർമാണത്തിന് ശാരീരിക അധ്വാനമടക്കം ചെയ്യും. വളണ്ടിയർമാരുടെ സംഘാടനമടക്കമുള്ള കാര്യങ്ങളുടെ ചുമതല സ്ഥാപകഅംഗമായ ഫാജിസിനാണ്. പ്രസിഡന്റ് റഫീഖ് കോനൂർ, സെക്രട്ടറി ബുഷ്ഹർ കുനിയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനമേഖല വിപുലീകരിത്ക്കാനുള്ള ഒരുക്കത്തിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.