കെട്ടിടങ്ങൾ പൊളിച്ചുനീക്കിയില്ല; റോഡ് നിർമാണം ഇഴയുന്നു
text_fieldsമാനന്തവാടി: നിർദിഷ്ട മലയോര ഹൈവേയുടെ ഭാഗമായി മാനന്തവാടി നഗരത്തിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കാത്തതിനാൽ റോഡ് നിർമാണം ഇഴയുന്നു. ഇതോടെ ഗതാഗതക്കുരുക്കും പൊടിശല്യവും മൂലം കച്ചവടക്കാരും വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഒരുപോലെ വലയുന്നു. എരുമത്തെരുവ് ബ്ലോക്ക് പഞ്ചായത്ത് റോഡ് ജങ്ഷനിലെ രണ്ടു കെട്ടിടങ്ങൾ പൊളിച്ചുനീക്കാത്തതാണ് നിർമാണം ഇഴയാൻ കാരണം. രണ്ട്, മൂന്ന് മാസം മുമ്പാണ് എരുമത്തെരുവ് മുതലുള്ള നഗരത്തിലേക്കുള്ള റോഡ് നിർമാണം ആരംഭിച്ചത്. ചില ഉടമകൾ കെട്ടിടം പൊളിച്ചുനീക്കാത്തതിനാൽ തുടക്കത്തിൽ നിർമാണം ഇഴയുകയായിരുന്നു.
തർക്കങ്ങൾ പരിഹരിച്ചതോടെ നിർമാണം വേഗത്തിലാവുകയും രണ്ടു മാസത്തേക്ക് തലശ്ശേരി റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഫെബ്രുവരി 28ഓടു കൂടി ഈ കാലാവധി പൂർത്തിയാകാനിരിക്കെയാണ് ചില കെട്ടിടയുടമകൾ കെട്ടിടം പൊളിച്ചുകൊടുക്കാതെ നിസ്സഹകരിക്കുന്നത്. ഗാന്ധി പാർക്ക് വരെയുള്ള ഓവുചാൽ നിർമാണ പ്രവൃത്തികളാണ് നിലവിൽ നടക്കുന്നത്. രണ്ടാം ഘട്ടമായി നിലവിലെ ടാറിങ് പൊളിച്ചുനീക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. ഓവുചാൽ നിർമാണം പൂർത്തിയായാലേ ഈ പ്രവൃത്തിയിലേക്ക് കടക്കൂവെന്ന നിലപാടിലാണ് കരാർ കമ്പനി. തർക്കങ്ങൾ പരിഹരിക്കാൻ എം.എൽ.എയും നഗരസഭയും ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം. താലൂക്ക് ലീഗൽ സർവിസസ് അതോറിറ്റി പ്രശ്നത്തിൽ ഇടപെട്ടെങ്കിലും നിർമാണം മന്ദഗതിയിലാണ് നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.