കുറുക്കൻമൂല കടുവ ആക്രമണ നഷ്ടപരിഹാരം കൈമലർത്തി വനം മന്ത്രി
text_fieldsമാനന്തവാടി: കുറുക്കൻമൂല കടുവ ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക സംബന്ധിച്ച് കർഷകരുടെ പ്രതീക്ഷക്ക് തിരിച്ചടി. ജില്ല വികസന സമിതി നിശ്ചയിച്ച നഷ്ടപരിഹാര തുക നൽകാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്തെത്തി. കഴിഞ്ഞ ദിവസം മാനന്തവാടിയിലെത്തിയ മന്ത്രിയെ കണ്ട നിവേദക സംഘത്തോടാണ് മന്ത്രി നയം വ്യക്തമാക്കിയത്.
ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയതായിരുന്നു കറുക്കൻമൂല കടുവ വിഷയം. 2021 നവംബർ 28 മുതൽ ഡിസംബർ 17 വരെ കുറുക്കൻ മൂലയിൽ കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ട സംഭവം ദേശീയ തലത്തിൽതന്നെ വലിയ വാർത്തയായിരുന്നു. തുടർച്ചയായി ഒരു മാസകാലത്തിനിടയിൽ 14 കർഷകരുടെ 19 വളർത്തുമൃഗങ്ങൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടപ്പോൾ നഷ്ടപരിഹാര തുക തുച്ഛമായതിനാൽ പ്രതിഷേധങ്ങളും റോഡ് തടയൽ ഉൾപ്പെടെ സമരങ്ങളും നടന്നു. അന്ന് സബ് കലക്ടറുടെ അധ്യക്ഷതയിൽ റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂടിയിരുന്ന് മാർക്കറ്റ് വില നിശ്ചയിക്കുകയും ജില്ല വികസന സമിതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.
ഇതേതുടർന്ന് ജില്ല വികസന സമിതി മതിയായ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകുകയുമാണ് ഉണ്ടായത്.
എന്നാൽ, തീരുമാനം എടുത്തെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലായിരുന്നു ജനപ്രതിനിധികളുടെ നിവേദക സംഘം മാനന്തവാടിയിലെത്തിയ വനം മന്ത്രിയെ കണ്ടത്. ജില്ല വികസന സമിതി നിശ്ചയിച്ച തുക നൽകാൻ വനം വകുപ്പിന് കഴിയില്ലെന്ന് മന്ത്രി ജനപ്രതിനിധികളോട് പറയുകയായിരുന്നു. ജില്ല വികസന സമിതിക്ക് എന്ത് പ്രമേയവും പാസാക്കാമെന്നും മന്ത്രിസഭ തീരുമാനമില്ലാതെ തുകവർധിപ്പിക്കാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ സമിതിയിൽ നിന്നും പണം നൽകാൻ വനം വകുപ്പിന്റെ ഒരു തീരുമാനവും വേണ്ടെന്നും റവന്യു വകുപ്പും ജില്ല കലക്ടറും തീരുമാനിച്ചാൽ പണം നൽകാവുന്നതേ ഉള്ളൂവെന്നും വനം മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാം ശരിയാകും എന്നു കരുതി മന്ത്രിയെ കാണാൻ പോയ ജനപ്രതിനിധികളും നിവേദകസംഘവും വെറും കൈയോടെ മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.