നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടൽ; വനപാലകർക്ക് പാലക്കാട്ട് പൊന്നാട, വയനാട്ടിൽ അവഗണന
text_fieldsമാനന്തവാടി: മാസങ്ങളായി ഒരു പ്രദേശത്താകെ ഭീതി വിതച്ച ധോണി (പി.ടി-7 )എന്ന കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടിയ വനപാലക സംഘത്തിന് പാലക്കാട് പൊന്നാട ലഭിച്ചപ്പോൾ വയനാട്ടിൽ അവഗണന.
ബത്തേരിയിൽ പി.എം-രണ്ട് എന്ന മോഴയാനയെയും അതിനുപിന്നാലെ കുപ്പാടിത്തറയിൽ കടുവയെയും സാഹസികമായി പിടികൂടിയ വനപാലകർക്ക് വകുപ്പ് മന്ത്രിയുടെ അഭിനന്ദനവും പാരിതോഷികവുമൊക്കെ പ്രഖ്യാപനമായി ലഭിച്ചെങ്കിലും അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്ന ആരോപണമാണുയരുന്നത്.
മന്ത്രിമാരും തദ്ദേശ സ്ഥാപനങ്ങളും വയനാട്ടിലെ രണ്ടു സംഭവങ്ങളും കണ്ടില്ലെന്ന് നടിച്ച് അവഗണിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പി.ടി -7 നെ ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വയനാട്ടിൽനിന്നുള്ള എഴുപത്തിരണ്ടംഗ ആർ.ആർ.ടി സംഘം പിടികൂടിയത്. മിനിറ്റുകൾക്കകം തദ്ദേശ മന്ത്രി എം.ബി. രാജേഷ് നേരിട്ടെത്തി സംഘത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
താൽക്കാലിക വാച്ചർമാരും ആദരിക്കപ്പെട്ടു. കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വനപാലകരെ ആദരിക്കുകയും ചെയ്തു.
അതേസമയം, ജനുവരി ഒമ്പതിന് ബത്തേരി നഗരത്തിൽ ഭീതി വിതച്ച പി.എം 2 എന്ന മോഴയാനയെ സാഹസികമായാണ് ആർ.ആർ.ടി സംഘം മയക്കുവെടിവെച്ച് കൂട്ടിലാക്കിയത്. ഇതിനിടയിൽ ആനയുടെ ആക്രമണത്തിൽ ഡോ. അരുൺ സക്കറിയക്ക് പരിക്കേൽക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ജനുവരി 12ന് പുതുശ്ശേരിയിൽ കടുവ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തി. അന്നും അതിന്റെ അടുത്ത ദിവസങ്ങളിലും വനപാലക സംഘം വ്യാപക തിരച്ചിൽ ആരംഭിച്ചു.
14ന് കടുവ കുപ്പാടിത്തറയിലെ തോട്ടത്തിലുണ്ടെന്ന് കണ്ടെത്തിയ വനപാലകർ മൂന്ന് മണിക്കൂർ കൊണ്ട് കടുവയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി. പാലക്കാട് നേരിട്ടെത്തിയ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഇത്രയും സംഭവങ്ങളുണ്ടായിട്ടും വയനാട്ടിൽ അന്ന് നേരിട്ടെത്താതെ പ്രസ്താവനയിലൂടെയും പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചും അഭിനന്ദനം ഒതുക്കി. തദ്ദേശ സ്ഥാപനങ്ങളാകട്ടെ ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടിൽ തീർത്തും അവഗണിക്കുകയായിരുന്നു.
കടുവ ആക്രമണത്തിൽ മരിച്ച തോമസിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞശേഷമാണ് വൈദ്യുതി മന്ത്രിയും പിന്നീട് വനം മന്ത്രിയുമെത്തിയത്. കേരളത്തിലെ ഏറ്റവും മികച്ച ആർ.ആർ.ടി സംഘമാണ് വയനാട്ടിലേത്. ഇവരുടെ മനോവീര്യം തകർക്കുന്ന നിലപാടാണ് മന്ത്രിമാരും വയനാട്ടിലെ തദ്ദേശ സ്ഥാപനങ്ങളും സ്വീകരിച്ചതെന്നൊണ് വനപാലകരിൽനിന്നുതന്നെ ഉയരുന്ന വികാരം.
തോമസിനെ കടുവ ആക്രമിച്ച സംഭവം നടന്ന അന്നോ തൊട്ടടുത്ത ദിവസമോ വനം മന്ത്രി ഉൾപ്പെടെ സ്ഥലത്തെത്താത്തതിലും വിമർശനം ഉയരുന്നുണ്ട്. അതേസമയം, വന്യമൃഗ ആക്രമണത്തിന്റെ പേരിൽ വനപാലകരെ വിമർശിക്കാൻ ഉൾപ്പെടെ സമയം കണ്ടെത്തുന്ന നേതാക്കൾ അവരുടെ പരിശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്. വനപാലകരുടെ ആത്മവീര്യം കെടുത്തുന്ന ഇത്തരം സമീപനം മാറണമെന്ന അഭിപ്രായമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.