കാരവന്‍ ടൂറിസം വയനാടിന്റെ വിനോദസഞ്ചാര മേഖലക്ക് കരുത്തേകും -മന്ത്രി റിയാസ്
text_fieldsകൽപറ്റ: കാരവന്‍ ടൂറിസം ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വ് സമ്മാനിക്കുമെന്നും പാര്‍ക്കിങ് കേന്ദ്രങ്ങളെ ഭാവിയില്‍ സാംസ്‌കാരിക കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാരവന്‍ പാര്‍ക്ക് സജീവമാകുന്നതോടെ വയനാട് കേരള ടൂറിസത്തിന്‍റെ പ്രധാന കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു.
അമ്പലവയല്‍ പഞ്ചായത്തിലെ ഹില്‍ ഡിസ്ട്രിക്ട് ക്ലബില്‍ തുടക്കം കുറിച്ച കാരവന്‍ ടൂറിസത്തിന്‍റെ ഭാഗമായുള്ള കാരവന്‍ പാര്‍ക്കിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍റെയും കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക്ട് ക്ലബിന്‍റെയും മഡ്ഡി ബൂട്സിന്‍റെയും പങ്കാളിത്തത്തോടെയാണ് ഉത്തര കേരളത്തിലെ ആദ്യ സംരംഭമായ കാരവന്‍ പാര്‍ക്ക് കൊളഗപ്പാറയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. എട്ട് ഏക്കറോളം വിസ്തൃതിയില്‍ ആറ് കാരവനുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്.
കാരവന്‍ ടൂറിസത്തിന് വേണ്ട വെള്ളം, വൈദ്യുതി, മറ്റ് ഭൗതിക സൗകര്യങ്ങള്‍ എല്ലാം പാര്‍ക്കിലുണ്ട്. അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഹഫ്സത്ത്, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റ് വഞ്ചീശ്വരന്‍, സെക്രട്ടറി സി.പി. ശൈലേഷ്, പ്രദീപ് മൂര്‍ത്തി, അംബിക കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.