വാകേരിയെ ഭീതിയിലാക്കിയ കടുവ കൂട്ടിൽ
text_fieldsസുൽത്താൻ ബത്തേരി: വാകേരി ഏദൻവാലി എസ്റ്റേറ്റിലെ വളർത്തുനായെ കൊന്ന കടുവയെ പിടികൂടി. ബുധനാഴ്ച രാവിലെ 11.30ഓടെയാണ്, ഏദൻ വാലി എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കയറിയത്. പിടികൂടിയ കടുവയെ സുൽത്താൻ ബത്തേരി കുപ്പാടിയിലെ വന്യമൃഗ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. ഒരുമാസത്തോളമായി വാകേരി മേഖല കടുവ ഭീതിയിലായിട്ട്. 10 ദിവസം മുമ്പാണ് ഏദൻവാലി എസ്റ്റേറ്റിലെ വളർത്തുനായെ ആക്രമിച്ചത്. എസ്റ്റേറ്റിലെ സി.സി.ടി.വിയിൽ നായെ കൊല്ലുന്ന ദൃശ്യങ്ങൾ പതിഞ്ഞതോടെ ജനം ആശങ്കയിലായിരുന്നു.
പ്രദേശത്തെ ചില വീടുകളിലെ വളര്‍ത്തു മൃഗങ്ങളെയും കടുവ കൊന്നു. മാനിനെയും കാട്ടുപന്നിയെയും ഭക്ഷിച്ച നിലയില്‍ കര്‍ഷകരുടെ പറമ്പിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഏദൻവാലി, ഗ്രീൻവാലി, തെക്കേത്തട്ടിൽ എന്നിങ്ങനെ മൂന്ന് എസ്റ്റേറ്റുകളാണ് പ്രദേശത്തുള്ളത്.
കടുവയിറങ്ങിയതോടെ അടുത്തടുത്തുള്ള ഈ എസ്റ്റേറ്റുകളിലെ തൊഴിലാളികൾ ജോലിക്കിറങ്ങാൻ ഭയപ്പെട്ടു. ഏതുനിമിഷവും കടുവയുടെ ആക്രമണമുണ്ടാകാമെന്ന പേടിയിൽ ഏദൻവാലിയിലെ തൊഴിലാളികൾ തിങ്കളാഴ്ച സമരത്തിനിറങ്ങിയതോടെയാണ് അധികൃതർ ഉണർന്നത്. സംഭവത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഇടപെട്ടു. കൂട് സ്ഥാപിക്കാൻ മടിച്ചുനിന്ന വനംവകുപ്പ് പ്രതിഷേധം ശക്തമായതോടെ അതിന് തയാറായി. ചെതലയം വനവും ബീനാച്ചി എസ്റ്റേറ്റും വാകേരിക്കടുത്താണ്. അതിനാൽ കടുവകൾക്ക് എളുപ്പത്തിൽ ഇവിടെ എത്താം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വാകേരി മേഖലയിൽ കടുവ എത്തുന്നത് നാലാം തവണയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.