വൈദ്യുതിത്തൂണിൽ ചാർജിങ് പോയന്റ് വയനാട്ടിലും
text_fieldsകൽപറ്റ: സംസ്ഥാനത്തെ മറ്റു ജില്ലകളിൽ സ്ഥാപിച്ച് പ്രശംസ നേടിയ കെ.എസ്.ഇ.ബിയുടെ വൈദ്യുതിത്തൂണിലെ ചാർജിങ് പോയന്റുകൾ വയനാട്ടിലുമെത്തുന്നു. ആദ്യഘട്ടത്തിൽ ജില്ലയിലെ 24 ഇടങ്ങളിലായി വൈദ്യുതിത്തൂണുകളിൽ വാഹന ചാർജിങ് പോയന്റുകൾ (പോൾ മൗണ്ടഡ് ചാർജിങ്) സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി സെപ്റ്റംബറിൽ ആരംഭിക്കാനാകുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. വൈദ്യുതി ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള മുചക്ര വാഹനങ്ങളും എളുപ്പത്തിൽ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. രാജ്യത്താദ്യമായി കേരളത്തിലാണ് വൈദ്യുതിത്തൂണുകളിലെ ചാർജിങ് പോയന്റ് സംവിധാനം നടപ്പാക്കിയത്. കേരളത്തിലെ പദ്ധതി നിലവിൽ ആന്ധ്രപ്രദേശ്, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലും നടപ്പാക്കുന്നുണ്ട്.
കേരളത്തിൽ ഇതുവരെ വിവിധ ജില്ലകളിലായി 412ലധികം പോയന്റുകൾ സ്ഥാപിച്ചു. ഒക്ടോബറോടെ 1159 എണ്ണംകൂടി പൂർത്തിയാകും. കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജിൽനിന്ന് പുറത്തിറങ്ങിയവരുടെ സ്റ്റാർട്ട്അപ് ആണ് കെ.എസ്.ഇ.ബിയുമായി ചേർന്നു ചാർജിങ് സംവിധാനം അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞവർഷം കോഴിക്കോട് പത്തിടങ്ങളിൽ ഇത്തരം പോയന്റുകൾ സ്ഥാപിച്ചു. ഇരുചക്ര -മുച്ചക്രവാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായാണ് പ്രധാനമായും ഇത്തരം പോയന്റുകൾ സ്ഥാപിക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ വൈദ്യുതി കാറുകളും ഇത് ഉപയോഗിച്ച് ചാർജ് ചെയ്യാനാകും. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ പോയന്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഇതിനോടകം പൂർത്തിയായി. കണ്ണൂരിലാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. ഒരേ കമ്പനിയാണ് ഇതിന്റെ ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. കണ്ണൂരിലേത് പൂർത്തിയായശേഷം സെപ്റ്റംബറിൽ തന്നെ പ്രവൃത്തി ആരംഭിക്കും.
വയനാട്ടിൽ കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളിലായി അഞ്ചുവീതം പോയന്റുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. ഇതിന് പുറമെ മൂന്നു താലൂക്കുകളിലെയും ഒമ്പത് പ്രധാന സ്ഥലങ്ങളിലും പോയന്റ് സ്ഥാപിക്കും. ഇത്തരത്തിൽ ആകെ 24 പോയന്റുകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശം ജില്ല കെ.എസ്.ഇ.ബി അധികൃതർ നേരത്തെ തന്നെ അയച്ചിട്ടുണ്ട്. ഇതിന് അംഗീകാരവും ലഭിച്ചു. ഈ മാസം അവസാനത്തിനുള്ളിൽ പ്രവൃത്തി ആരംഭിക്കും.
വയനാട്ടിൽ പ്രധാന പാതകളിലെ ടൗണുകളോട് ചേർന്നും ഓട്ടോ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചുമായിരിക്കും വൈദ്യുതിത്തൂണുകളിൽ ഇവ സ്ഥാപിക്കുക. ആദ്യഘട്ടത്തിനുശേഷം അടുത്തഘട്ടമായി ജില്ലയിലെ ഓട്ടോ സ്റ്റാൻഡുകളിൽ കൂടുതലായി ഇവ സ്ഥാപിച്ചു പദ്ധതി വ്യാപിപ്പിക്കുമെന്നും ഇതിലൂടെ കൂടുതൽ വൈദ്യുതി ഓട്ടോറിക്ഷകൾ ജില്ലയിൽ നിരത്തിലിറക്കുന്നത് പ്രോത്സാഹിപ്പിക്കാനാകുമെന്നും കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ലാഭകരവും പരിസ്ഥിതി സൗഹാർദപരവുമാണ് വൈദ്യുതി വാഹനങ്ങൾ. അതിനാൽ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഓരോ ഓട്ടത്തിലൂടെയും കൂടുതൽ വരുമാനം ലഭിക്കുന്നതിന് ഇത് സഹായകമാകും.
•ചാർജിങ് സ്റ്റേഷനുകളും സജ്ജമാകുന്നു
പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷന് പുറമെ ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള കാറുകൾ ഉൾപ്പെടെയുള്ള വലിയ വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാനാകുന്ന രണ്ട് പ്രധാന ചാർജിങ് സ്റ്റേഷനുകളും കെ.എസ്.ഇ.ബി സ്ഥാപിക്കുന്നുണ്ട്. വൈത്തിരി കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് പരിസരത്തുള്ളത് വൈകാതെ പ്രവർത്തനക്ഷമമാകും. സോഫ്റ്റ് വെയർ പ്രവൃത്തി മാത്രമാണ് ബാക്കിയുള്ളത്.
പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാം പ്രദേശത്ത് സ്ഥാപിക്കുന്നതിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ഒന്നരമാസത്തിനുള്ളിൽ പടിഞ്ഞാറത്തറയിലേതും പൂർത്തിയാകും. മീനങ്ങാടിയിൽ ഉൾപ്പെടെ സ്വകാര്യ ഏജൻസികളും ഇതിനോടകം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.