ചാരിറ്റി ഫണ്ട് വകമാറ്റിയതായി ആരോപണം; വെള്ളമുണ്ട ലീഗിൽ വിവാദം പുകയുന്നു
text_fieldsവെള്ളമുണ്ട: ചാരിറ്റി ഫണ്ട് വകമാറ്റി ചെലവഴിച്ചതായ വിവാദം വെള്ളമുണ്ട മുസ് ലിം ലീഗിൽ പുകയുന്നു. പഞ്ചായത്തിലെ തരുവണ കരിങ്ങാരിയിലെ രോഗിക്കുവേണ്ടി പിരിച്ച തുകയാണ് മണ്ഡലത്തിലെ ചില നേതാക്കളുടെ ഒത്താശയോടെ വകമാറ്റി ചെലവഴിച്ചതായി ആക്ഷേപമുയർന്നിരിക്കുന്നത്.
35 ലക്ഷം രൂപയിലധികം പിരിക്കുകയും ഇതിൽ നിന്ന് ഏഴു ലക്ഷം രൂപ കമ്മിറ്റി ചെയർമാൻ പോലുമറിയാതെ ഒരു കച്ചവടക്കാരന് നൽകി എന്നുമാണ് ആരോപണം.
സംഭവം വിവാദമായേടെ കഴിഞ്ഞ ദിവസം പണം തിരിച്ചുവാങ്ങി പ്രശ്നമൊതുക്കാനുള്ള നീക്കമുണ്ടായതായി സൂചനയുണ്ട്. മുസ് ലിം ലീഗിലെ ഇരുവിഭാഗത്തിലെയും നേതാക്കൾ ഒരുമിച്ചാണ് തുടക്കത്തിൽ പിരിവിന് നേതൃത്വം നൽകിയത്.
പണം കൂടുതൽ ഇറങ്ങി സ്വരൂപിച്ചത് മണ്ഡലത്തിലെ പ്രമുഖ നേതാവാണ്. പടിഞ്ഞാറത്തറ ബാങ്കിലാണ് ചികിത്സ സാഹായത്തിനുള്ള അക്കൗണ്ടെടുത്തിരിക്കുന്നത്. 35 ലക്ഷം രൂപയിലധികം പിരിച്ചെങ്കിലും മുഴുവൻ തുകയും ഇതുവരെ ബാങ്കിലെത്തിയിട്ടില്ലെന്ന് ലീഗ് നേതാക്കൾതന്നെ പറയുന്നു. കഴിഞ്ഞ സംഘടന തെരഞ്ഞെടുപ്പിനെ തുടർന്ന് ഉടലെടുത്ത തർക്കമാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.
വെള്ളമുണ്ടയിൽ ഒരുവിഭാഗത്തെ വെട്ടിനിരത്തിയതായി അണികൾക്കിടയിൽ ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് ചിലർ നടത്തിയ അന്വേഷണമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ചാരിറ്റി ഫണ്ട് തോന്നുംപടി കൈകാര്യം ചെയ്യുന്ന ചില നേതാക്കളുടെ നടപടിയാണ് അണികൾക്കിടയിൽ മുറുമുറുപ്പിനിടയാക്കിയിരിക്കുന്നത്.
അതേസമയം, രോഗിക്കുവേണ്ടി പിരിച്ച തുക വകമാറ്റി ചെലവഴിച്ചതായ ആരോപണം ശരിയല്ലെന്നാണ് മറുപക്ഷത്തിന്റെ വാദം. 35 ലക്ഷം രൂപയിലധികം പിരിച്ചെടുക്കുകയും ആ തുക രോഗിയുടെ കുടുംബത്തിന് ആവശ്യമുള്ളപ്പോൾ നൽകാനുമാണ് മാറ്റിവെച്ചത്.
വെറുതെവെക്കുന്ന പണംകൊണ്ട് കച്ചവടം നടത്തി കൂടുതൽ തുക നൽകുന്നതിനാണ് കുറച്ച് തുക വകമാറ്റിയത് എന്നുമാണ് ഇവരുടെ വാദം. പ്രതിസന്ധിയിൽപ്പെട്ട കുടുംബത്തെ സഹായിക്കുന്നതിനാണ് തൽക്കാലം ഏഴു ലക്ഷം നൽകിയതെന്നും കമ്മിറ്റി ആവശ്യപ്പെട്ടതുപ്രകാരം അത് തിരിച്ചുവാങ്ങിയിട്ടുണ്ടെന്നും ഇവർ പറയുന്നു. സംഘടന തെരഞ്ഞെടുപ്പിനെ തുടർന്ന് പാർട്ടിയിലുടലെടുത്ത തർക്കം ഇതോടെ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ജില്ല, മണ്ഡലം നേതാക്കളടക്കം ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.