ചേകാടി സ്ട്രീറ്റ് ടൂറിസം: പ്രതീക്ഷയിൽ ആദിവാസികൾ
text_fieldsപുൽപള്ളി: ചേകാടിയുടെ സൗന്ദര്യവും തനിമയും വിനോദസഞ്ചാരികൾക്ക് അനുഭവവേദ്യമാക്കാൻ സ്ട്രീറ്റ് ടൂറിസം പദ്ധതിയുമായി വിനോദസഞ്ചാര വകുപ്പ് മുന്നേറുമ്പോൾ പ്രദേശത്തെ ആദിവാസികൾ പ്രതീക്ഷയിൽ.
പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളിൽ ഒന്നാണ് പുൽപള്ളിക്കടുത്ത ചേകാടി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരമ്പരാഗത ജീവിതരീതികളും പ്രകൃതി ഒരുക്കിയ കാഴ്ചകളും കണ്ടാസ്വദിക്കാൻ സ്ട്രീറ്റ് ടൂറിസത്തിലൂടെ സാധിക്കും.
തദ്ദേശസ്ഥാപനങ്ങൾക്കും തദ്ദേശവാസികൾക്കും ഇതിൽ പങ്കാളിയാകാം. വയനാട്ടിൽ നെൽകൃഷി ഒട്ടും കുറയാത്ത ഒരു പ്രദേശമാണ് ചേകാടി. സുഗന്ധനെല്ലിനമായ ഗന്ധകശാലയാണ് ഇവിടത്തെ പ്രധാന കൃഷി. ആദിവാസികളും ചെട്ടിവിഭാഗക്കാരുമായ ആളുകളാണ് ഇവിടെയുള്ളത്.
ജൈവരീതിയിലാണ് പച്ചക്കറി കൃഷി. പദ്ധതി വരുന്നതോടെ പ്രദേശത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങളെയും പൈതൃകങ്ങളെയും ഗ്രാമത്തിലെത്തുന്നവർക്ക് പരിചയപ്പെടുത്തി വരുമാനം നേടാം. കാടിന് നടുവിലാണ് ഈ ഗ്രാമം. 150 കുടുംബങ്ങളിൽ 93ഉം ആദിവാസി കുടുംബങ്ങളാണ്.
പുല്ലുമേഞ്ഞ വീടുകളും കാവൽ മാടങ്ങളുമടക്കം പരമ്പരാഗത ജീവിതത്തിന്റെ നേർക്കാഴ്ചകൂടിയാണ് ചേകാടി സന്ദർശകർക്ക് സമ്മാനിക്കുന്നത്. ഗോത്രപൈതൃകവും കാർഷികപെരുമയും ഇഴചേർന്നുകിടക്കുന്ന ചേകാടിയുടെ ഏറ്റവും വലിയ പ്രത്യേകത വിശാലമായ പാടശേഖരമാണ്.
അതുകൊണ്ടുതന്നെ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇവിടത്തെ കർഷകരും അവരുടെ പരമ്പാരാഗത നെല്ലിനങ്ങളുമടക്കം പുറംലോകത്തും ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.