വയനാട് ജില്ലയിൽ കോഴിയിറച്ചി വില കുതിക്കുന്നു
text_fieldsമാനന്തവാടി: ബലിപെരുന്നാൾ പടിവാതിൽക്കലെത്തിയിരിക്കെ ജില്ലയിൽ കോഴിയിറച്ചി വില കുതിക്കുന്നു. കഴിഞ്ഞയാഴ്ച കിലോക്ക് 180 മുതൽ 200 രൂപ വരെയുണ്ടായിരുന്ന വില ഇപ്പോൾ 230ൽ എത്തി. ഇനിയും വില വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ കൂടിയ വില ഈടാക്കുമ്പോൾ ഗ്രാമപ്രദേശങ്ങളിലെ കോഴിക്കടകളിൽ 20 മുതൽ 30 രൂപവരെ കുറവിൽ കോഴിയിറച്ചി ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
തമിഴ്നാട് ലോബി കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുകയാണെന്നാണ് ജില്ലയിലെ വ്യാപാരികളുടെ പ്രധാന ആരോപണം. കൂടാതെ ചെറുകിട ഫാമുകളിൽ ആവശ്യത്തിന് കോഴി ലഭിക്കാത്തതും വിലവർധനവിന് കാരണമാകുന്നു. തമിഴ്നാട്ടിൽനിന്നുമാണ് ജില്ലയിലെ ഫാമുകളിലേക്ക് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്. അവിടെ വില വർധിപ്പിക്കുകയും കോഴിത്തീറ്റയുടെ വില വലിയതോതിൽ വർധിക്കുകയും ചെയ്തതോടെയാണ് ചെറുകിട ഫാമുകൾ വില വർധിപ്പിക്കാൻ നിർബന്ധിതരായത്. ഇത് മുതലെടുത്ത് തമിഴ്നാട് ലോബി വില കുറച്ച് കോഴി ഇറക്കാൻ തുടങ്ങി.
എന്നാൽ, വില കുറക്കാൻ വ്യാപാരികൾ തയാറാകാത്തതാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നത്. ഇന്ധന വിലവർധനപോലേ കോഴിയിറച്ചി വിലയും ദിനംപ്രതി കുതിച്ചുയരുകയാണ്.
ജില്ലയിൽ കോഴിയിറച്ചി വില ഏകീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
എന്നാൽ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ താൽപര്യം കാണിക്കാറില്ല. ഇതിെൻറ ദുരിതം അനുഭവിക്കുന്നത് ജില്ലയിലെ പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.