വയനാട് മെഡിക്കല്‍ കോളജ് മള്‍ട്ടി സ്പെഷാലിറ്റി കെട്ടിടം ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsമാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ കാത്ത് ലാബും മള്‍ട്ടി സ്പെഷാലിറ്റി കെട്ടിടവും ഒരുങ്ങി. പുതിയതായി നിര്‍മിച്ച ഏഴുനില മള്‍ട്ടി പര്‍പ്പസ് സൂപ്പര്‍ സ്പെഷാലിറ്റി കെട്ടിടവും കാത്ത് ലാബും മുഖ്യമന്ത്രി പിണറായി വിജയന് ഏപ്രില്‍ രണ്ടിന് നാടിന് സമര്‍പ്പിക്കും. 45 കോടി രൂപ ചെലവിലാണ് ഏഴുനിലയുടെ മള്‍ട്ടി പര്‍പ്പസ് കെട്ടിടം പൂര്‍ത്തീകരിച്ചത്. മെഡിക്കല്‍ ഒ.പി, എക്സറേ, റേഡിയോളജി, നെഫ്രോളജി, ഡയാലിസിസ് സെന്റര്‍, സ്ത്രീ-പുരുഷ വാര്‍ഡുകള്‍, പാര്‍ക്കിങ് സൗകര്യം എന്നിവയാണ് പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജില്‍ ആധുനിക സൗകര്യങ്ങളോടെ തുടങ്ങുന്ന കാത്ത് ലാബിൽ ഹൃദ്രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാകും. എട്ടു കോടി രൂപ ചെലവിലാണ് കാത്ത് ലാബ് നിർമിച്ചിരിക്കുന്നത്. വയനാട്ടിലുള്ളവർക്കും ജില്ലയുടെ അതിരിടുന്ന കണ്ണൂര്‍ ജില്ലയിലെ കേളകം, കൊട്ടിയൂര്‍, കര്‍ണാടകയിലെ ബാവലി, ബൈരക്കുപ്പ പ്രദേശങ്ങളിലുള്ളവര്‍ക്കും കാത്ത് ലാബ് ആശ്വാസകരമാകും. ഏപ്രില്‍ രണ്ടിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാരായ വീണ ജോര്‍ജ്, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗത സംഘം രൂപവത്കരിച്ചു. കലക്ടര്‍ ഡോ. രേണുരാജ് കണ്‍വീനറും ഒ.ആര്. കേളു എം.എല്‍.എ ചെയര്‍മാനുമായ ജനറല്‍ കമ്മിറ്റിയില്‍ എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്, അഡ്വ. ടി. സിദ്ദീഖ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ അംഗങ്ങളാണ്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ ഡോ. രേണുരാജ്, ഒ.ആര്. കേളു എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, നഗരസഭ ചെയര്പേഴ്സൻ സി.കെ. രത്നവല്ലി, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥന്മാര്, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.