കുരുന്നുകളുടെ ലോകം
text_fieldsഈ വിജയത്തിന് പരിമിതികളില്ല
മീനങ്ങാടി: കുറവുകളിൽ വേദനിച്ച് ജീവിതം മാറ്റിനിർത്താതെ വെല്ലുവിളികളെ അവസരമാക്കുന്ന ജിൽസ് ജയിംസ് മറ്റുള്ളവർക്ക് മാതൃകയാണ്. വെല്ലുവിളികളെ തോൽപിച്ച് പന്തുകളിയിലും അത്ലറ്റിക് ഇനങ്ങളിലും മികവ് പുലർത്തുന്ന ജിൽസിന് സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ ഉജ്ജ്വലബാല്യം പുരസ്കാരവും തേടിയെത്തി.
വാഴവറ്റ വാഴപ്പറമ്പിൽ ജയിംസിന്റെയും എൽസിയുടെയും ഇളയ മകനാണ് ജിൽസ്. 2022ലെ ഭിന്നശേഷി സംസ്ഥാന കായിക മേളയിൽ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനവും ഹൈജംപിൽ രണ്ടാംസ്ഥാനവും ജിൽസ് നേടി. പഠനത്തിനു പുറമെ തന്റെ കഴിവുകളുമായി സജീവമായ ജിൽസന് എല്ലാവിധ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. ഒന്നു തൊട്ട് ആറു വരെ മുട്ടിൽ ഓർഫനേജ് സ്കൂളിൽ പഠിച്ച ജിൽസ് ഏഴാം ക്ലാസ് മുതൽ കോഴിക്കോട് കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലാണ് പഠിക്കുന്നത്. നിലവിൽ പ്ലസ് വൺ വിദ്യാർഥിയാണ്.
കളിക്കളത്തിലെ കുട്ടിപ്പട്ടാളം
വെള്ളമുണ്ട: മറ്റു കുട്ടികൾ മൊബൈൽ ഫോണിൽ ഒഴിവു സമയം ചെലവഴിക്കുമ്പോൾ കളിക്കളത്തിൽ ആവേശം തീർത്ത് ചാൻസിലേഴ്സിന്റെ കുട്ടിപ്പട്ടാളം. വെള്ളമുണ്ട എൽ.പി- യു.പി വിദ്യാലയങ്ങളിൽ പഠിക്കുന്ന 12 വയസ്സു വരെയുള്ള വിദ്യാർഥികളാണ് ഒരു ദിവസം പോലും മുടങ്ങാതെ ഫുട്ബാൾ ആവേശവുമായി ഗ്രൗണ്ടിൽ ഇറങ്ങുന്നത്.
പരിശീലകൻ മുജീബ് മഞ്ചേരിയുടെ ശിക്ഷണത്തിൽ കാൽപന്തുകളി പരിശീലിക്കുന്ന 25ൽ അധികം വരുന്ന കുട്ടികളാണ് മുതിർന്നവരെ പോലും ആവേശം കൊള്ളിക്കുംവിധം കളിക്കളം നിറയുന്നത്. കേരളത്തിൽ തന്നെ അറിയപ്പെടുന്ന ചാൻസിലേഴ്സ് ക്ലബിന്റെ സബ്ജൂനിയർ ടീമാണ് ഇവർ. വെള്ളമുണ്ടയുടെ വൈകുന്നേരങ്ങളിൽ ആവേശമാവുന്ന ഇവരുടെ കളികാണാനും പ്രോത്സാഹനം നൽകാനും നാട് കൂടെയുണ്ട്.
സ്കൂൾ വിട്ടു കഴിഞ്ഞാൽ രാത്രി വരെയുള്ള സമയങ്ങളിൽ കൃത്യമായി ഇവർ കളിക്കളത്തിലെത്തും. ജഴ്സിയും ബൂട്ടുമണിഞ്ഞ് കാൽപന്തുകളിയിൽ മുഴുകുന്ന ഇവർക്ക് ഫുട്ബാൾ മാത്രമാണ് ലഹരി. ചെറിയ മാച്ചുകൾ സ്വയം സംഘടിപ്പിച്ച് കിട്ടുന്ന തുക രോഗികൾക്ക് നൽകി മാതൃകയാണിവർ.
ശിശുദിന പാര്‍ലമെന്റ്; കുട്ടി നേതാക്കൾ നയിക്കും
കൽപറ്റ: ജില്ല ശിശുക്ഷേമ സമിതിയും സംസ്ഥാന സര്‍ക്കാറും ചേര്‍ന്നു നടത്തുന്ന ഈ വര്‍ഷത്തെ ശിശുദിനാഘോഷ പരിപാടിയിൽ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്കൂളിലെ നാലാം തരം വിദ്യാർഥി പി.എസ്. ഫൈഹ കുട്ടികളുടെ പ്രധാനമന്ത്രിയാവും. മാനന്തവാടി ഗവ. യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി എയിലിന്‍ റോസ് റോയ് പ്രസിഡന്റും കല്ലോടി സെന്റ് ജോസഫ് യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി എമില്ഷാജ് സ്പീക്കറുമാകും.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടന്ന എല്‍.പി, യു.പി തല പ്രസംഗ മത്സര വിജയികളില്‍ നിന്നാണ് നേതാക്കളെ തിരഞ്ഞെടുത്തത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് കലക്ടറേറ്റ് പരിസരത്ത് നടക്കുന്ന ശിശുദിന റാലിയും തുടർന്ന് എസ്.കെ.എം.ജെ സ്കൂളിൽ പൊതുസമ്മേളനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.