പറഞ്ഞു പറ്റിക്കരുത്, ഉരുൾദുരന്ത ബാധിതരെ
text_fieldsകൽപറ്റ: രാത്രി ഇരുട്ടി വെളുക്കും മുമ്പേ മൂന്നു പ്രദേശങ്ങളിലെ നിരവധി ജീവനും ജീവിത സമ്പാദ്യങ്ങളും ഉരുളെടുത്തിട്ട് ഒരു വർഷമാകുമ്പോഴും ദുരന്ത ബാധിതരിൽ നിരവധി കുടുംബങ്ങൾ ഉപജീവന മാർഗമില്ലാതെ കുടുത്ത ദുരിതത്തിൽ. കൃത്യമായി തൊഴിലെടുക്കാൻ കഴിയാത്ത തോട്ടം തൊഴിലാളികളും ടാക്സി ഡ്രൈവർമാരും ഉൾപ്പെടുന്ന മുന്നോറോളം കുടുംബങ്ങളെ സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.
ഉരുൾദുരന്തശേഷം ദിനബത്തയായി 300 രൂപ സർക്കാറിൽനിന്ന് ലഭിച്ചെങ്കിലും മൂന്നുമാസം കഴിഞ്ഞതോടെ 522 പേരെ ഒഴിവാക്കി. ഉരുൾ ദുരന്തത്തിനിരയായി തൊഴിലില്ലാത്ത 1,655 പേർക്ക് ലഭിച്ചിരുന്ന ദിനബത്ത 1,133 പേർക്കായി ചുരുക്കി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നെങ്കിലും നടപടിയുണ്ടായില്ല.
കഴിഞ്ഞ മാസം 25ന് ചൂരൽമലയിൽ തഹസിൽദാറെ തടഞ്ഞുള്ള തൊഴിലാളികളുടെ പ്രതിഷേധത്തിനൊടുവിൽ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡിലെ അർഹതപ്പെട്ടവർക്ക് ദിനബത്ത ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം ഉറപ്പു നൽകിയിരുന്നു. ഇതോടെയാണ് സമരം അവസാനിച്ചത്.
എന്നാൽ, 10 ദിവസം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇനി ആരെയും പരിഗണിക്കേണ്ടതില്ലെന്നാണ് താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ നിലപാടെന്നാണ് വിവരം. കഴിഞ്ഞ ദിവസം മന്ത്രിയുടെ സാന്നിധ്യത്തിൽ കൽപറ്റയിൽ ചേർന്ന യോഗത്തിലും അർഹതപ്പെട്ടവരാരെങ്കിലും ഉണ്ടെങ്കിൽ പരിഗണിക്കാമെന്ന അയഞ്ഞ നിലപാടാണ് സ്വീകരിച്ചത്. ഇതുസംബന്ധിച്ച പരിശോധനപോലും നടക്കുന്നില്ലെന്നാണ് വിവരം.
നിരസിച്ച 522 പേരിൽ 300ഓളം കുടുംബങ്ങൾ തൊഴിലെടുക്കാനാകാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ ബാധിച്ച് കിടപ്പിലായ രോഗികളുള്ള കുടുംബങ്ങളെപോലും ദിനബത്ത നൽകേണ്ട പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗോ സോൺ മേഖലയിലായതിനാൽ ഇവർക്ക് ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. മഴ ശക്തമായാൽ ബെയ്ലി പാലം കടന്ന് എസ്റ്റേറ്റിൽ ജോലിക്കു പോകാൻ കഴിയാത്തവരാണ് തൊഴിലാളികൾ. ടാക്സി ഡ്രൈവർമാർ ഉൾപ്പടെയുള്ളവർക്ക് മഹാദുരന്തത്തിനുശേഷം ജോലിയില്ല.
തദ്ദേശ വകുപ്പ് തയാറാക്കിയ സമഗ്ര മൈക്രോ പ്ലാൻ പ്രകാരം 1,084 കുടുംബങ്ങളിലായി 4,636 പേരെയാണ് ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ 1,879 പേരുടെ ഉപജീവനമാർഗം പൂർണമായി ഇല്ലാതായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതൊന്നും പരിഗണിക്കാതെ ജോൺ മത്തായി കമീഷൻ റിപ്പോർട്ടനുസരിച്ച് ഉരുൾ മേഖലയെ ഗോ സോൺ, നോ ഗോ സോൺ മേഖലയായി തിരിച്ച് ഗോ സോൺ മേഖലയിലുള്ളവർക്ക് സർക്കാർ ആനുകൂല്യം നിഷേധിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.