ചുള്ളിയോട്-കുറുക്കൻകുന്ന് ലിങ്ക് റോഡ് അടച്ചു; നാട്ടുകാർ ദുരിതത്തിൽ
text_fieldsചുള്ളിയോട്: സുൽത്താൻ ബത്തേരി-താളൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി ചുള്ളിയോട്- കുറുക്കൻകുന്ന് സ്കൂൾ ലിങ്ക് റോഡ് അടച്ചതോടെ പ്രദേശവാസികൾ ദുരിതത്തിലായി. സുൽത്താൻ ബത്തേരി- താളൂർ റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മണ്ണിട്ട് ഉയർത്തിയതോടെ കുറുക്കൻകുന്ന് ലിങ്ക് റോഡിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ബത്തേരി- താളൂർ റോഡിലേക്ക് പ്രവേശിക്കുന്ന ചുള്ളിയോട് -കുറുക്കൻകുന്ന് ലിങ്ക് റോഡിന്റെ നവീകരണവും അടിയന്തരമായി ആരംഭിച്ച് യാത്രാക്ലേശം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് നടപ്പാക്കുന്നതിനായി ആക്ഷൻ കമ്മിറ്റിയും നാട്ടുകാർ രൂപവത്കരിച്ചിട്ടുണ്ട്. ബത്തേരി -താളൂർ റോഡ് നിലവിലുള്ളതിനേക്കാൾ ഒന്നര മീറ്ററിലധികം ഉയരം കൂട്ടിയാണ് ലിങ്ക് റോഡിന്റെ ഭാഗത്ത് നവീകരിക്കുന്നത്.
അതിനാൽ പ്രധാന റോഡിലേക്ക് പ്രവേശിക്കാനാവശ്യമായ രീതിയിൽ ലിങ്ക് റോഡ് മണ്ണിട്ട് ഉയർത്തിയാണ് പ്രവൃത്തികൾ നടത്തേണ്ടത്. എന്നാൽ, ഇത്തരത്തിലുള്ള യാതൊരു നടപടിയും കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് ആരോപണം. പ്രധാന റോഡിൽ നവീകരണം നടക്കുന്നതിന്റെ പേരിൽ അതിനോട് അനുബന്ധിച്ചുള്ള ലിങ്ക് റോഡ് പൂർണമായും അടച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.
ഈ റോഡിലൂടെ പോകുന്ന യാത്രക്കാർ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടെയാണ് ബത്തേരി-താളൂർ റോഡിലേക്ക് പ്രവേശിക്കുന്നത്. യാത്രദുരിതവുമായി ബന്ധപ്പെട്ടും റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ടും എക്സിക്യൂട്ടിവ് എൻജിനീയർക്കും കലക്ടർക്കും പരാതിയും നൽകിയിട്ടുണ്ട്.
ആക്ഷൻ കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു അനന്തൻ, വൈസ് ചെയർപേഴ്സൻ ഗീത ബാലൻ, ചെയർമാൻമാരായ ബഷീർ കല്ലായി, ഉവൈസ്, കൺവീനർ റോബിൻസ് ആടുപറ, ജോയന്റ് കൺവീനർ സി.കെ. ജഫാർ, അനസ്, അംഗങ്ങളായ അഖിൽ, സൽമാൻ, രമ്യ, സജിന, ഇബ്രാഹിം, റഷീദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.