കാലംതെറ്റി മഴ; കാപ്പിക്കർഷകർക്ക് ആധിയേറുന്നു
text_fieldsകൽപറ്റ: കാലംതെറ്റിയെത്തിയ മഴ കാപ്പിക്കർഷകരിൽ ആധിയേറ്റുന്നു. മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റൽ മഴയും കാരണം വിളവെടുത്ത കാപ്പിക്കുരു ഉണക്കാനാവാതെ ജില്ലയിലെ കർഷകർ പ്രയാസപ്പെടുകയാണ്. ഉണക്കാൻ കഴിയാതെ കൂട്ടിയിടുന്ന കാപ്പിക്കുരുവിൽ പൂപ്പൽ ബാധിക്കുകയാണ്. പാകമായ കാപ്പി വിളവെടുക്കാതെ മരങ്ങളിൽതന്നെയാവുമ്പോൾ പഴുത്ത കാപ്പിക്കുരു കൊഴിഞ്ഞുവീഴുന്ന അവസ്ഥയുമുണ്ട്. ഇതോടൊപ്പമാണ് കർഷകർക്ക് കൂനിൻമേൽ കുരുവായി കുരങ്ങുശല്യവും. പല തോട്ടങ്ങളിലും പഴുത്ത കാപ്പിക്കുരു കുരങ്ങുകൾ നശിപ്പിക്കുകയാണ്.
നാല് ദിവസമായി ജില്ലയിൽ പലയിടത്തും രാപകൽ ഭേദെമന്യേ നല്ല മഴയാണ്. മഴക്കു മുമ്പ് വിളവെടുത്ത് ഉണക്കാനിട്ടിരുന്ന പലരുടെയും കാപ്പിക്കുരു വെള്ളത്തിലാണ്. അടക്ക, റബർ, കുരുമുളക് കർഷകരെയും അപ്രതീക്ഷിത മഴ പ്രതിസന്ധിയിലാക്കി. കാലം തെറ്റിയുള്ള മഴയിൽ കാപ്പി വീണ്ടും പൂക്കുന്നത് കർഷകർക്ക് ഇരുട്ടടിയാവുകയാണ്.
വർഷങ്ങളായി വിളവെടുപ്പുകാലത്ത് വയനാട്ടിൽ കാലാവസ്ഥയിൽ മാറ്റം പ്രകടമാവാൻ തുടങ്ങിയിട്ട്. ഇത് കൃഷിയേയും വിളവിനേയും വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. മഴ മാറിയാൽ എല്ലായിടത്തും ഒരേസമയത്ത് വിളവെടുപ്പ് പുനരാരംഭിക്കുമെന്നതിനാൽ തൊഴിലാളി ക്ഷാമവും രൂക്ഷമാകുമെന്ന ആശങ്കയുണ്ട്.
അപ്രതീക്ഷിത മഴയിൽ നെൽ കർഷകരും ദുരിതത്തിലാണ്. ജില്ലയിൽ ചെറിയൊരു ഭാഗത്തുമാത്രമേ കൊയ്ത്തു നടന്നിട്ടുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും കൊയ്ത്തു-മെതി യന്ത്രങ്ങളെത്തിയിട്ടുണ്ട്. എന്നാൽ, മഴ മൂലം ഇവ വയലിൽ ഇറക്കാനാകുന്നില്ല. നീർവാർച്ചയുള്ള ഭാഗങ്ങളിൽ ഇപ്പോഴും ചളി കെട്ടിക്കിടക്കുന്നു.
നെല്ലും വയ്ക്കോലും ഉണങ്ങിയ പാടത്ത് മഴയും കാറ്റുമുണ്ടായാൽ നെല്ല് വീണുപോകുമെന്നത് കർഷകരെ ആശങ്കപ്പെടുത്തുന്നു. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. മഴ തുടർന്നാൽ കൃഷി വ്യാപകമായി നശിക്കുന്നതിന് കാരണമാകുമെന്നത് കർഷകർക്ക് ഇരുട്ടടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.