വയനാട് ജില്ലയിൽ കാപ്പി സംഭരണം ആരംഭിക്കുന്നു
text_fieldsകൽപറ്റ: വയനാട് പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ചെറുകിട നാമമാത്ര കർഷകരുടെ പക്കൽനിന്ന് കൃഷി വകുപ്പ് കാപ്പി സംഭരിക്കുന്നു.
വിപണി വിലയേക്കാൾ 10 രൂപ അധികം നൽകിയാണ് കാപ്പി സംഭരിക്കുന്നത്. സുൽത്താൻ ബത്തേരി അമ്മായിപ്പാലത്തുള്ള കാർഷിക മൊത്തവ്യാപാര വിപണി വഴിയാണ് കർഷകരിൽനിന്ന് കാപ്പി സംഭരണം നടപ്പാക്കുന്നത്. 455 ടൺ കാപ്പി സംഭരിക്കുന്നതിന് 50 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും ശരാശരി 17.5 ടൺ വീതം കാപ്പി സംഭരിക്കുന്നതിന് ഈ തുക കൊണ്ട് സാധിക്കും.
100 കായ്ക്കുന്ന മരമെങ്കിലുമുള്ള കർഷകരിൽനിന്ന് ആദ്യഘട്ടത്തിൽ 250 കി.ഗ്രാം വീതമാണ് ഉണ്ടക്കാപ്പി സംഭരിക്കുന്നത്. മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ശരാശരി 70 കർഷകർക്കാണ് ഇതുപ്രകാരം പ്രയോജനം ലഭിക്കുക. ജനുവരി 31 വരെയാണ് അതത് കൃഷിഭവനുകളിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരം.
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം അതത് പഞ്ചായത്തിലെ കാർഷിക വികസന സമിതി തീരുമാനിക്കും. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ അളവിൽ കാപ്പി സംഭരിക്കുന്നതിന് ജില്ലതലത്തിൽ തീരുമാനമെടുക്കും.
ഏജൻസികൾ കാർഷിക മൊത്തവ്യാപാര വിപണിയുടെ ഉടമ്പടി പ്രകാരം ഫെബ്രുവരി ഏഴുമുതൽ 19 വരെ പഞ്ചായത്തുകളിലെ ഒന്നോ രണ്ടോ ലൊക്കേഷനിൽനിന്നും കാപ്പി സംഭരിക്കും. ജില്ലയിലെ പ്രധാന വിപണികളിലെ സംഭരണ വിലയും പ്രമുഖ പത്രങ്ങളിലെ കമ്പോള നിലവാരവും അടിസ്ഥാനപ്പെടുത്തിയാവും സംഭരണ വില നിശ്ചയിക്കുന്നത്.
കർഷകരുടെ ഉൽപന്നങ്ങൾ സംഭരിച്ച് അഞ്ചു ദിവസത്തിനകം ഏജൻസികൾ, കർഷകരുടെ അക്കൗണ്ടിലേക്ക് സംഭരണ വില നൽകും.
കർഷകർക്ക് നൽകുന്ന അധിക വില (കിലോഗ്രാമിന് 10 രൂപ) അതിനടുത്ത ദിവസംതന്നെ റൂറൽ അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് സെക്രട്ടറി നൽകുന്ന സ്റ്റേറ്റ്മെന്റ് പ്രകാരം കൃഷി അസി. ഡയറക്ടർമാർ കർഷകരുടെ അക്കൗണ്ടിലേക്ക് നൽകും. ഗുണമേന്മ ഉറപ്പുവരുത്തിയ ശേഷമാകും ഏജൻസികൾ ഉണ്ടക്കാപ്പി സംഭരിക്കുന്നത്.
പരമാവധി 10.5-11 ശതമാനം ജലാംശമേ പാടുള്ളൂ. കാപ്പി കീടരോഗബാധയും കലർപ്പുകളും ഇല്ലാത്തതായിരിക്കണം. വിശദാംശങ്ങൾക്കായി അതത് കൃഷിഭവനുകളെ സമീപിക്കാവുന്നതാണെന്നും പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു.
കാപ്പി സംഭരിക്കുന്നത് മൂന്ന് ഏജൻസികൾ
ജനുവരി 27ന് ചേർന്ന, ജില്ല കലക്ടർ അധ്യക്ഷനായ റൂറൽ അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ജില്ലയിലെ മൂന്ന് ഏജൻസികൾ കാപ്പി സംഭരിക്കുന്നതിന് താൽപര്യമറിയിച്ചിട്ടുള്ളതായി മാർക്കറ്റ് സെക്രട്ടറി അറിയിച്ചിരുന്നു.
അതുപ്രകാരം ഈ ഏജൻസികൾക്ക് താഴെ പറയും പ്രകാരം പഞ്ചായത്തുകളിൽനിന്ന് കാപ്പി സംഭരിക്കുന്നതിന് അനുമതി നൽകി.
ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി: കൽപറ്റ ബ്ലോക്കിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കൽപറ്റ നഗരസഭ.
വാസുകി ഫാർമേഴ്സ് സൊസൈറ്റി: ബത്തേരി ബ്ലോക്കിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പുൽപള്ളി, പൂതാടി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ, ബത്തേരി നഗരസഭ.
വയനാട് സോഷ്യൽ സർവിസ് സൊസൈറ്റി: മാനന്തവാടി ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകൾ, മാനന്തവാടി നഗരസഭ, പനമരം, കണിയാമ്പറ്റ പഞ്ചായത്തുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.