ജില്ലയുടെ സമഗ്രവികസനം; പദ്ധതി നിര്‍വഹണത്തില്‍ വേഗത വേണമെന്ന് വികസന സമിതി
text_fieldsകൽപറ്റ: ജില്ലയുടെ സമഗ്രവികസനത്തിനായി തയാറാക്കുന്ന പദ്ധതികളുടെ നിര്‍വഹണത്തിൽ വേഗത വേണമെന്ന് ജില്ല വികസനസമിതി ആവശ്യപ്പെട്ടു. ആദിവാസി വിഭാഗങ്ങളുടെ ഭവന പദ്ധതികള്‍ പലപ്പോഴും ആസൂത്രണ പിഴവ് കൊണ്ട് നിർമാണം പൂര്‍ത്തീകരിച്ചിട്ടും ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തുന്ന പല പദ്ധതികളും ഇഴഞ്ഞു നീങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഒ.ആര്. കേളു എം.എല്‍.എ പറഞ്ഞു. ഇവയുടെ നിര്‍വഹണ പുരോഗതി സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് ആവശ്യമാണെന്നും എം.എല്‍.എ നിർദേശിച്ചു. യോഗത്തിൽ വനംവകുപ്പിനെതിരെ ജനപ്രതിനിധികൾ രൂക്ഷ വിമർശനമാണ് നടത്തിയത്.
ആദിവാസി മേഖലയിലെ ഭവന നിർമാണ പദ്ധതി തയാറാക്കുമ്പോള്‍ വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ടി. സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. പണി പൂര്‍ത്തീകരിച്ച് ആറു മാസം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ നിരവധി വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കാത്ത സാഹചര്യം ജില്ലയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജലജീവന്‍ മിഷന് പദ്ധതികള്‍ നടപ്പാക്കുന്നതിലും ജില്ലക്ക് വേണ്ടത്ര വേഗം കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഒ.ആര്. കേളു എം.എല്‍.എ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഇതര ജില്ലകളെ അപേക്ഷിച്ച് ജില്ലയിലെ പദ്ധതികൾ വിവിധങ്ങളായ സാങ്കേതിക കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്. പല തദ്ദേശ സ്ഥാപനങ്ങളിലും സ്ഥലം ലഭ്യമാക്കുന്ന കാര്യത്തില്‍ പോലും അലസമായ സമീപനമാണ് സെക്രട്ടറിമാരില്നിന്നുണ്ടാകുന്നത്. ഇത്തരത്തില്‍ മുന്നോട്ടു പോകാന്‍ സാധിക്കില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കുമ്പോള് ജില്ല ആസൂത്രണ സമിതി ഇക്കാര്യത്തില്‍ ഇടപെടണമെന്നും എം.എല്‍.എ പറഞ്ഞു. വയനാട് പാക്കേജില്‍ 75 കോടി രൂപയുടെ പദ്ധതി നിർദേശങ്ങള്‍ പ്ലാനിങ് ബോര്‍ഡിന് സമര്‍പ്പിച്ചതായി ജില്ല കലക്ടര്‍ യോഗത്തെ അറിയിച്ചു. ഭരണാനുമതി ലഭിക്കുന്ന മുറക്ക് പദ്ധതികള്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.
ഗോത്രസാരഥി; ആശയക്കുഴപ്പം അകറ്റണം
ജില്ലയില്‍ ഗോത്രസാരഥി പദ്ധതി സുഗമമായി നടത്തിപ്പിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പട്ടിക വർഗ, വിദ്യാഭ്യാസ വകുപ്പുകള്ക്കിടയിലുമുള്ള ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്ന് ജില്ല വികസന സമിതി ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പിന് ആവശ്യമായ തുക സംബന്ധിച്ച കൃത്യമായ റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് അറിയിക്കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നിർദേശമുള്ളതിനാല്‍ ഇക്കാര്യം ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. ജില്ലയിലെ അലംഭാവം കൊണ്ട് പദ്ധതി നടത്തിപ്പിന് തുക അനുവദിക്കപ്പെടാത്ത സാഹചര്യം ഒഴിവാക്കണമെന്ന് ടി. സിദീഖ് എം.എല്‍.എ നിർദേശിച്ചു. അനിവാര്യമായ സങ്കേതങ്ങളെ മാത്രം തെരഞ്ഞെടുത്ത് ഏറ്റവും അടുത്തുളള വിദ്യാലയങ്ങളില്‍ എത്തിക്കുന്ന തരത്തില്‍ പദ്ധതി നടപ്പാക്കണമെന്നും വികസന സമിതി യോഗം ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.
വനം വകുപ്പിന്റെ സമീപനം മാറണം
ജില്ലയുടെ വികസന വിഷയങ്ങളില്‍ വനം വകുപ്പ് സ്വീകരിക്കുന്ന സമീപനം തിരുത്തണം. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നില്ലെന്നത് ഗൗരവമായി കാണണം. ഇക്കാര്യം സര്‍ക്കാറിനെയും ചീഫ് സെക്രട്ടറിയെയും അറിയിക്കാന്‍ വികസന സമിതി യോഗത്തിൽ ഒ.ആർ. കേളു എം.എൽ.എ. നിർദേശിച്ചു.
സുല്‍ത്താന്‍ ബത്തേരി നഗരസഭ മുന്‍ അധ്യക്ഷന്‍ സി.കെ. സഹദേവന് സ്കൂട്ടര്‍ യാത്രക്കിടെ കാട്ടുപന്നി ഇടിച്ച് അപകടം നേരിട്ട സംഭവത്തില്‍ മനുഷ്യാവകാശ കമീഷന് തെറ്റായ റിപ്പോര്‍ട്ടാണ് അധികൃതർ നല്‍കിയതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. വനം വകുപ്പിന്റെ ഈ നടപടി അംഗീകരിക്കാന്‍ സാധിക്കില്ല.
ജനപ്രതിനിധികള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ ജനങ്ങളോടുള്ള വനം വകുപ്പിന്റെ സമീപനം ഊഹിക്കാവുന്നതാണ്. മനുഷ്യ - വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന ജില്ലയില്‍ പലപ്പോഴും ജനരോഷത്തില്‍ നിന്ന് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് ജനപ്രതിനിധികളാണെന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കണം
സര്‍ക്കാര്‍ ഓഫിസുകളിലെ ഫയല്‍ തീര്‍പ്പാക്കൽ നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ല കലക്ടര്‍ എ.ഗീത ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. സര്‍ക്കാര്‍ നിർദേശപ്രകാരമുള്ള യജ്ഞം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും പല വകുപ്പുകളും ഫയല്‍ തീര്‍പ്പാക്കല്‍ നടപടികള്‍ക്ക് വേണ്ടത്ര ഗൗരവം നല്‍കിയതായി കാണുന്നില്ല. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. വനം, റവന്യൂ, തദ്ദേശ വകുപ്പുകളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫയല്‍ തീര്‍പ്പാക്കാനുള്ളത്.
ജില്ല ആസൂത്രണ ഭവന് എ.പി.ജെ ഹാളില്‍ നടന്ന വികസന സമിതി യോഗത്തില്‍ മുന്‍ യോഗ തീരുമാനങ്ങളുടെ തുടര്‍നടപടികളും എം.എല്‍.എ ഫണ്ട് അടക്കമുള്ള പദ്ധതികളുടെ നിര്‍വഹണ പുരോഗതിയും വിലയിരുത്തി.
ആഫ്രിക്കന്‍ പന്നിപ്പനി വിഷയത്തില്‍ ഫലപ്രദമായ രീതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയും റാപ്പിഡ് റെസ്പോണ്‍സ് ടീമിനെയും യോഗം അഭിനന്ദിച്ചു. ജില്ലയില്‍ 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിരമിക്കുന്ന ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ സുധേഷ് എം. വിജയന് യാത്രയയപ്പ് നല്കി. എ.ഡി.എം എന്‍.ഐ ഷാജു, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്. മണിലാല്‍, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.