നിർബന്ധിത ക്വാറൻറീൻ: കർണാടകയിൽ ഇഞ്ചി, പച്ചക്കറി, വാഴ കൃഷി ചെയ്യുന്നവർ പ്രതിസന്ധിയിൽ
text_fieldsകൽപറ്റ: അതിർത്തികടക്കുന്ന മലയാളികൾക്ക് കർണാടക നിർബന്ധിത ഏഴു ദിവസ ക്വാറൻറീൻ ഏർപ്പെടുത്തിയതോടെ ദുരിതക്കയത്തിലായി കർഷകർ. കർണാടകയിൽ ഇഞ്ചി, പച്ചക്കറി, വാഴ തുടങ്ങിയവ കൃഷിചെയ്യുന്ന മലയാളികളാണ് സർക്കാർ തീരുമാനത്തിൽ വലയുന്നത്.
ജില്ലയിൽനിന്നുള്ള 2500ൽ അധികം കർഷകർ കർണാടകയിൽ കൃഷിചെയ്യുന്നുണ്ട്. അതിർത്തി ഗ്രാമങ്ങളിലെ നിരവധി തൊഴിലാളികളും കർണാടകയിലെ തോട്ടങ്ങളിൽ തൊഴിലെടുത്താണ് ഉപജീവനം കഴിക്കുന്നത്. ഇവർക്കും സർക്കാർ തീരുമാനം തിരിച്ചടിയായി. കോടിക്കണക്കിന് രൂപയാണ് കർഷകർ കർണാടകയിൽ കൃഷിക്കായി നിക്ഷേപിച്ചിരിക്കുന്നത്.
കൃഷിയിടത്തിൽ പോവുന്നത് തടസ്സപ്പെട്ടാൽ വൻ നഷ്ടമാണ് ഓരോരുത്തരും നേരിടേണ്ടിവരുകയെന്ന ആശങ്കയിലാണ് കർഷകർ.
തരിശുഭൂമിയുടെയും ജലത്തിെൻറയും തൊഴിലാളികളുടെയും ലഭ്യത, കാർഷികവൃത്തിക്ക് സൗജന്യ വൈദ്യുതി തുടങ്ങിയവയാണ് മലയാളികളെ ഇതര സംസ്ഥാനങ്ങളിൽ കൃഷിയിറക്കാൻ പ്രേരിപ്പിക്കുന്നത്.
മൂന്ന് മുതൽ 100 ഏക്കറിന് മുകളിൽവരെ കൃഷി ചെയ്യുന്നവരുണ്ട്. ഒരു ഏക്കർ കൃഷിക്ക് ആറ് ലക്ഷം രൂപയോ അതിന് മുകളിലോ മുതൽമുടക്കിയാണ് ഓരോ തവണയും കൃഷിചെയ്യുന്നത്. ആ ഇനത്തിൽ ഓരോ വർഷവും 5000 മുതൽ 10,000 കോടി രൂപക്ക് മുകളിലാണ് വിവിധ സംസ്ഥാനങ്ങളിലായി മലയാളി കർഷകർ ചെലവഴിക്കുന്നത്. ഇതിൽ 90 ശതമാനത്തിൽ അധികം കർഷകരും കർണാടകയുടെ വിവിധ ഇടങ്ങളിലാണ് കൃഷി. ആയിരക്കണക്കിന് കർണാടക സ്വദേശികൾക്ക് മലയാളികൾ തൊഴിൽ നൽകുന്നുമുണ്ട്.
രണ്ട് വർഷക്കാലമായി കോവിഡ് മഹാമാരിയും കൃഷിനാശവും വിലത്തകർച്ചയുംമൂലം നിരവധി കർഷകർ ആത്മഹത്യയുടെ വക്കിലാണ്. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും ജില്ല ഭരണകൂടം അനുവദിക്കുന്ന പാസും ഉള്ള കർഷകർക്കും നിർബന്ധിത സർക്കാർ ക്വാറൻറീൻ ഏർപ്പെടുത്തിയതിലാണ് കർഷകരുടെ പ്രതിഷേധം. വിവിധ കൃഷികളുടെ വിളവെടുപ്പ് അടക്കം നടക്കുന്ന സാഹചര്യത്തിൽ ക്വാറൻറീൻ ഇല്ലാതെ മറ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൃഷിയിടത്തിൽ പോയിവരുന്നതിനുള്ള സാഹചര്യം ഒരുക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. ഇൗ ആവശ്യം ഉന്നയിച്ച് കർഷക കൂട്ടായ്മയായ നാഷനൽ ഫാർമേഴ്സ് െപ്രാഡ്യൂസർ ഓർഗനൈസേഷൻ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും ജില്ല കലക്ടർക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇരുസംസ്ഥാന സർക്കാറുകളിൽനിന്നും അനുകൂല തീരുമാനമുണ്ടാവുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
സർക്കാർ ഇടപെടണം –എൻ.എഫ്.പി.ഒ
കൽപറ്റ: കൃഷിയിടങ്ങളിൽ പോവുന്ന കർഷകർക്കും നിർബന്ധിത സർക്കാൻ ക്വാറൻറീൻ ഏർപ്പെടുത്തിയ കർണാടകയിലെ നിയമം പിൻവലിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നാഷനൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ്.പി.ഒ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും ജില്ല ഭരണകൂടം അനുവദിച്ച പാസും ഉപയോഗിച്ചാണ് കർഷകർ അതിർത്തികടന്ന് കർണാടകയിൽ പോയിക്കൊണ്ടിരുന്നത്. കർണാടകയിൽ പ്രവേശിക്കുന്ന കേരളത്തിലുള്ളവർ ഏഴ് ദിവസം സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിൽ നിൽക്കണമെന്ന കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവാണ് കർഷകർക്ക് തിരിച്ചടിയായത്. വിവിധ കൃഷികളുടെ വിളവെടുപ്പടക്കം നടക്കുന്ന ഈ സാഹചര്യത്തിൽ ഏഴ് ദിവസം ക്വാറൻറീനിലായാൽ വാഴ, ഇഞ്ചി, പച്ചക്കറി കൃഷിയടക്കം നശിക്കുന്ന സാഹചര്യമുണ്ടാവുമെന്ന് ഇവർ പറഞ്ഞു.
കൃഷി നശിക്കാതിരിക്കാൻ, കർണാടകത്തിൽ കൃഷി ചെയ്യുന്ന കർഷകർക്ക് ക്വാറൻറീൻ ഇല്ലാതെ കൃഷിയിടത്തിൽ പോയിവരുന്നതിനുള്ള സാഹചര്യം സർക്കാർതലത്തിൽ ഇടപെട്ട് ഒരുക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. കൺവീനർ എസ്.എം. റസാഖ്, ട്രഷറർ പി.പി. തോമസ്, വൈസ് ചെയർമാൻ വി.എൽ. അജയകുമാർ, ചീഫ് കോഒാഡിനേറ്റർ ബാബു ചേകാടി, അസി. കോഒാഡിനേറ്റർ കെ.ജെ. ഷാജി, അഡ്വ. ജോസ് തണ്ണിക്കോടൻ, ബിനീഷ് ഡൊമനിക്, അനീഷ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
ബസില്‍ നിന്ന് വയോധികനെ ഇറക്കിവിട്ടതായി പരാതി
മാനന്തവാടി: കര്‍ണാടകയില്‍ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വയോധികനെ രേഖകള്‍ ഇല്ലെന്നു പറഞ്ഞ് മൈസൂരു ബസ്സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടര്‍ ഇറക്കി വിട്ടതായി പരാതി. തരുവണ സ്വദേശിയായ മുടവന്തേരി അബ്ദുല്ലയാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച കച്ചവടം കഴിഞ്ഞ് മൈസൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനായി പെരിന്തല്‍മണ്ണ ഡിപ്പോയിലെ ആര്.പി 980 നമ്പര്‍ ബസില്‍ നാട്ടിലേക്കു കയറിയ അബ്ദുല്ലയോട് ആർ.ടി.പി.സി.ആർ പരിശോധന ഫലം, വാക്സിന് സര്‍ട്ടിഫിക്കറ്റ് എന്നിവ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാൽ, രേഖകള്‍ കാണിച്ചപ്പോൾ യാത്രചെയ്യണമെങ്കില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകൂടി കാണിക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നത്രേ. ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡില്ലെന്നും മറ്റു രേഖകള്‍ കൈവശമുണ്ടെന്നും അറിയിച്ചെങ്കിലും 67 കാരനായ അബ്ദുല്ലയെ കണ്ടക്ടര്‍ ഇറക്കിവിടുകയായിരുന്നു. ഒ.ആർ. കേളു എം.എൽ.എക്കും കെ.എസ്.ആർ.ടി.സി അധികൃതർക്കും പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.