ലഹരിക്കടത്തുകാരുടെ സ്വത്ത് കണ്ടുകെട്ടൽ തുടരുന്നു
text_fieldsമീനങ്ങാടി: ലഹരിക്കടത്തുകാരുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളുമായി വയനാട് പൊലീസ്. എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച് ലഹരി വില്പനകൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം കണ്ടുകെട്ടാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
മീനങ്ങാടിയില്‍ 348 ഗ്രാം എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ പ്രതികളിലൊരാളായ ഹാഫിസിന്റെ സഹോദരന്റെ പേരിലുള്ള കാറുകളും, പിതാവിന്റെ പേരിലുള്ള 14.49 സെന്റ് സ്ഥലവും ഫ്രീസ് ചെയ്തുകൊണ്ടുള്ള ഓര്‍ഡർ മീനങ്ങാടി പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസ് ഇറക്കി.
മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത ഇവര്‍ കാറുകള്‍ വാങ്ങിയതും ഭൂമി വാങ്ങിയതും ഹാഫിസിന്റെ ലഹരി വില്പന കൊണ്ടുള്ള വരുമാനം കൊണ്ടാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് നടപടി. ഇതു സംബന്ധിച്ചുള്ള സ്ഥീരികരണത്തിനായുള്ള റിപ്പോര്‍ട്ട് ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ലേഴ്സ് ആന്‍ഡ് ഫോറിന് എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി (സഫേമ)ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മേപ്പാടി പൊലീസും തിരുനെല്ലി പൊലീസും എം.ഡി.എം.എ കേസ് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികളെടുത്തിരുന്നു.
കഴിഞ്ഞ ഏപ്രില്‍ ആറിന് 348 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് മണ്ണാര്‍ക്കാട് പാട്ടകുണ്ടില്‍ വീട്ടില്‍ ഹാഫിസ്(24), കണ്ണൂര്‍ തലശ്ശേരി സുഹമ മന്‍സില്‍ ടി.കെ. ലാസിം(26) എന്നിവരെ പിടികൂടിയ സംഭവത്തിലാണ് മീനങ്ങാടി പൊലീസിന്റെ നിര്‍ണായക നീക്കം. മീനങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പൊലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച ഇവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെടുത്തത്. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് പ്രതികളുടെ സ്വത്തുവിവരങ്ങള്‍ പൊലീസ് അന്വേഷിച്ചത്. ലാസിമിന് അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തിയിട്ടില്ല.
ഹാഫിസിന്റെ മൂന്ന് സഹോദരങ്ങള്‍ക്കും പിതാവിനും മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇല്ലെന്നും അനധികൃതമായി സമ്പാദിച്ച സ്വത്തുവകകള്‍ ഉണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഹാഫിസിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ, നിസാന്‍ ടെറാനോ കാറുകളും, ഇവരുടെ പിതാവ് 2022 ജൂണ്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പാലക്കാട്, അരനെല്ലൂരില് വാങ്ങിയ 14.49 സെന്റ് ഭൂമിയും ഹാഫിസിന്റെ ലഹരി വില്പനയിലുള്ള വരുമാനം കൊണ്ട് അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് പൊലീസ് കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവങ്ങളിലും അവരുടെ സ്വത്തുവകകളെ കുറിച്ചന്വേഷിക്കാനും അനധികൃതമായി സമ്പാദിച്ചതെന്ന് തെളിഞ്ഞാല്‍ കണ്ടുകെട്ടാനുമുള്ള നടപടികള്‍ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.