പൂതാടിയിൽ കോൺഗ്രസ്-ലീഗ് സമവായം; ലീഗിന്റെ പഞ്ചായത്ത് ഓഫിസ് ധർണ മാറ്റി
text_fieldsസുൽത്താൻ ബത്തേരി: യു.ഡി.എഫ് ഭരിക്കുന്ന പൂതാടി പഞ്ചായത്ത് ഓഫിസിലേക്ക് മുസ്ലിം ലീഗ് നടത്താനിരുന്ന മാർച്ചും ധർണയും ഒഴിവാക്കി. ഞായറാഴ്ച കേണിച്ചിറ വ്യാപാരഭവനിൽ ചേർന്ന യു.ഡി.എഫ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ജില്ലയിലെ യു.ഡി.എഫിൽ വലിയ അലോരസമുണ്ടാക്കാവുന്ന സമരം എങ്ങനെയും ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് രണ്ട് ദിവസം കൊണ്ട് നേതാക്കൾ നടത്തിയത്.
ജലനിധി പദ്ധതിയിലെ കെടുകാര്യസ്ഥത, ഭവന പദ്ധതി നടത്തിപ്പിലെ സ്വജനപക്ഷപാതം, വന്യമൃഗ ശല്യം, തെരുവുനായ് ശല്യം എന്നിങ്ങനെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗ് സമരം പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച സുൽത്താൻ ബത്തേരിയിൽ വാർത്തസമ്മേളനം വിളിച്ച് ഇക്കാര്യം പറയുമ്പോൾ ഒരു കാരണവശാലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ പിറകെ ഏറെ നടന്നിട്ടും അവർ വിഷയം കേൾക്കാത്ത സാഹചര്യത്തിലാണ് പ്രധാന ഘടക കക്ഷിയായിട്ടും ഭരണസമിതിക്കെതിരെ സമരം നടത്തുന്നതെന്നും വ്യക്തമാക്കിയിരുന്നു.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, സുൽത്താൻ ബത്തേരി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. അസൈനാർ, ട്രഷറർ അബ്ദുല്ല മാടക്കര, ഷബീർ അഹമ്മദ്, സി.കെ. ഹാരിഫ്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു, വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരൻ, മുഹമ്മദ് ബഷീർ, അപ്പുക്കുട്ടൻ നായർ, സി.പി. മുനീർ, സണ്ണി സെബാസ്റ്റ്യൻ, കെ.കെ. സൈതലവി ഹാജി, ഇ.പി. ജലീൽ, പി.എം. സുധാകരൻ, ജയന്തി രാജൻ, കെ.കെ. അബൂബക്കർ, കെ. ആലിക്കുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഇരു കക്ഷികൾക്കും ആശ്വാസം
സുൽത്താൻ ബത്തേരി: മുസ്ലിം ലീഗിന് ഒരംഗം പോലുമില്ലാത്ത പൂതാടി പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിന്റെ അപ്രമാദിത്വമാണ്. ലീഗിന്റെ അഭിപ്രായങ്ങളെ കോൺഗ്രസ് മുഖവിലക്കെടുത്തിരുന്നില്ല. ഇതാണ് യു.ഡി.എഫിലെ രണ്ടാം കക്ഷിയായ ലീഗിനെ ചൊടിപ്പിച്ചത്. ലീഗിൽ നിന്നും ഭരണസമിതിക്കെതിരെ പരസ്യമായ സമര പ്രഖ്യാപനം കോൺഗ്രസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തിങ്കളാഴ്ച സമരം നടന്നിരുന്നുവെങ്കിൽ ജില്ലയിലെ യു.ഡി.എഫിനും തലവേദനയാകുമായിരുന്നു. സമരത്തിൽ നിന്നും ലീഗ് പിന്മാറിയത് ഇരു കക്ഷികൾക്കും ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.