പൂതാടിയിൽ കോൺഗ്രസ്-ലീഗ് ബന്ധം ഉലയുന്നു
text_fieldsസുൽത്താൻ ബത്തേരി: യു.ഡി.എഫ് ഭരിക്കുന്ന പൂതാടി പഞ്ചായത്തിൽ കോൺഗ്രസ്-മുസ് ലിം ലീഗ് ബന്ധം ഉലയുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ യു.ഡി.എഫ് സെപ്റ്റംബർ 12ന് തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം വഹിക്കുന്ന ഭരണസമിതിക്കെതിരെ വലിയ ആരോപണങ്ങളാണ് ലീഗ് ഉന്നയിക്കുന്നത്.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽപ്പെട്ട 2150 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാൻ കൊട്ടിഘോഷിച്ചു നടപ്പാക്കിയ ജലനിധി പദ്ധതി എങ്ങും എത്തിയില്ലെന്ന് ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരാൾക്ക് പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. നാലു കോടിയിൽ തുടങ്ങിയ പദ്ധതി ഒമ്പത് വർഷം പിന്നിടുമ്പോൾ 10 കോടി ചെലവഴിക്കപ്പെട്ടു കഴിഞ്ഞു. 4000 മുതൽ 8000 രൂപ വരെ ഗുണഭോക്തൃ വിഹിതം അടച്ചാണ് കുടുംബങ്ങൾ അംഗമായിട്ടുള്ളത്. വെള്ളം കിട്ടാത്ത അവസ്ഥയിലും കണക്ഷൻ ഒന്നിന് മിനിമം ചാർജ് 100 രൂപ ഈടാക്കുകയും അടക്കാൻ കഴിയാത്തവർക്ക് ഇപ്പോൾ വാടകയും അതിനു പലിശയും പഞ്ചായത്ത് ഈടാക്കുന്നു.
ലൈഫ് ഭവന പദ്ധതിയുടെ നടത്തിപ്പും പഞ്ചായത്തിൽ കൃത്യമല്ലാത്ത രീതിയിലാണ്. ഇവിടെ ഉദ്യോഗസ്ഥരെ നിലക്കുനിർത്താൻ ഭരണസമിതിക്കാവുന്നില്ല. കോൺഗ്രസ് പാർട്ടി നേതാക്കളുടെ നിർദേശപ്രകാരം വാസയോഗ്യമായ വീട് പൊളിച്ചുമാറ്റി ഷെഡ് വെച്ചവർക്കും ലിസ്റ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.
തെരുവു നായ ശല്യം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമാണ്. ഇതിനെതിരെ ചെറുവിരലനക്കാൻ ഭരണസമിതിക്ക് കഴിയുന്നില്ല. ഇത് കൂടാതെയും നിരവധി വിഷയങ്ങളുണ്ടെന്നും ലീഗ് നേതാക്കൾ ആരോപിച്ചു.
ഭരണത്തിലെ കെടുകാര്യസ്ഥത ചർച്ച ചെയ്യാൻ ലീഗ് നേതാക്കൾ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടുവെങ്കിലും അവർ ചർച്ചക്കുപോലും തയാറായിട്ടില്ല.
പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയാൽ കോൺഗ്രസുമായുള്ള ബന്ധം ഉലയാൻ സാധ്യതയുണ്ട്. അത് ലീഗ് കാര്യമാക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. പൂതാടി പഞ്ചായത്ത് ലീഗ് സെക്രട്ടറി അബൂബക്കർ, സി.പി. മുനീർ, ദേശീയ വനിത ലീഗ് ഒാർഗനൈസിങ് സെക്രട്ടറി ജയന്തി രാജൻ, മുഹമ്മദ് ബഷീർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഒരംഗം പോലും ഇല്ലാതെ ലീഗ്
സുൽത്താൻ ബത്തേരി: യു.ഡി.എഫിലെ രണ്ടാം കക്ഷിയായ ലീഗിന് പഞ്ചായത്ത് ഭരണത്തിൽ ഒരംഗം പോലും ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗ് രണ്ടിടങ്ങളിൽ മത്സരിച്ചു തോറ്റു. ലീഗിന്റെ തോൽവി യു.ഡി.എഫിൽ അന്ന് ഏറെ ചർച്ചയായിരുന്നു. ഒരംഗം പോലും ഇല്ലാത്ത ലീഗിന്റെ വാക്കുകൾക്ക് കോൺഗ്രസ് ഭരണ നേതൃത്വം വിലകൊടുക്കുന്നില്ലെന്ന് വേണം മനസ്സിലാക്കാൻ. ലീഗിന്റെ ജില്ല നേതാവ് പി.പി. അയ്യൂബാണ് പഞ്ചായത്ത് ധർണ ഉദ്ഘാടനം ചെയ്യുന്നത്. അതിനാൽ വിഷയം ലീഗ് വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നതെന്ന് വ്യക്തം. പാർട്ടികൾ തമ്മിൽ പ്രശ്നങ്ങളില്ലെന്ന് നേതാക്കന്മാർ പറയുമ്പോഴും തിങ്കളാഴ്ചത്തെ ധർണയോടെ തർക്കം രൂക്ഷമാകുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.