തുരങ്കപാതക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
text_fieldsകൽപറ്റ: ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതക്കെതിരെ വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങളുമായി കോണ്‍ഗ്രസ് രംഗത്തു വരുമെന്ന് ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി. അപ്പച്ചന്‍.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി പോലും ലഭിക്കാത്ത, തികച്ചും അപ്രായോഗികവും ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതുമായ പദ്ധതിയെ കുറിച്ച് സര്‍ക്കാറിന് ഒരു വ്യക്തതയുമില്ലെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
പരിസ്ഥിതി ദുര്‍ബല പ്രദേശത്തുകൂടി മലതുരന്ന് പാത നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദല്‍പാത പ്രാവര്‍ത്തികമാക്കിയാല്‍ തീരുന്നതാണ് നിലവിലെ ഗതാഗത പ്രശ്‌നം.
കാര്‍ഷിക ഉൽപന്നങ്ങളുടെ വിലയിടിവ്, ഉൽപാദനക്കുറവ്, വന്യമൃഗശല്യം എന്നിവകൊണ്ട് ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം പോലും നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. രാത്രിയാത്ര നിരോധനം നീക്കാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്താനോ ശ്രമിച്ചില്ല.
ബോയ്‌സ് ടൗണില്‍ നിര്‍മിക്കുമെന്ന് പറയുന്ന വയനാട് മെഡിക്കല്‍ കോളജ് കെട്ടിടം ജനങ്ങള്‍ക്ക് ഏത് രീതിയില്‍ ഉപകാരപ്രദമാകുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വയനാട് പാക്കേജും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.
കര്‍ഷകര്‍, വ്യാപാരികള്‍, തൊഴിലാളികള്‍, ഗോത്രജന വിഭാഗങ്ങള്‍ തുടങ്ങി എല്ലാവരെയും അവഗണിക്കുന്ന സര്‍ക്കാറിനെതിരെ ശക്തമായ ജനകീയ സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അണിനിരക്കുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.