സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ തസ്തിക വിവാദം
text_fieldsസുൽത്താൻ ബത്തേരി: സഹകരണ അർബൻ ബാങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കാനുള്ള നീക്കം വിവാദത്തിൽ. 41 തസ്തികകൾ അനുവദിച്ചു നൽകണമെന്നാവശ്യപ്പെട്ടാണ് മാസങ്ങൾക്കുമുമ്പ് ഭരണ സമിതി സഹകരണ ജോ. രജിസ്ട്രാർക്ക് അപേക്ഷ നൽകിയത്. നീക്കത്തിന് പിന്നിൽ ഗൂഢ താൽപര്യങ്ങളുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്.
സുൽത്താൻ ബത്തേരി കേന്ദ്രമായി പ്രവർത്തിക്കുന്ന അർബൻ സഹകരണ ബാങ്കിന് സുൽത്താൻ ബത്തേരി അടക്കം 14 യൂനിറ്റുകളാണുള്ളത്. നിലവിൽ 84 ജീവനക്കാരാണുള്ളത്. 41 ജീവനക്കാരെ കൂടി നിയമിച്ചാൽ അത് ബാങ്കിന് വലിയ ബാധ്യതയാകുമെന്നാണ് ആക്ഷേപം. എന്നാൽ, ചട്ടങ്ങൾ അനുസരിച്ചാണ് പുതിയ തസ്തികകൾക്ക് അപേക്ഷ സമർപ്പിച്ചതെന്ന് ബാങ്ക് അധികൃതരും പറഞ്ഞു.
പുതുതായി ആരംഭിച്ച ബ്രാഞ്ചുകൾ മൂന്നുവർഷം കഴിഞ്ഞിട്ടും ലാഭത്തിലാകാത്ത സാഹചര്യത്തിൽ പുതിയ തസ്തികകൾ അനുവദിച്ചുകിട്ടാൻ സഹകരണ വകുപ്പിനു അപേക്ഷ നൽകേണ്ടെന്നു പ്രഫ. കെ.പി. തോമസ് ചെയർമാനായ മുൻ ഭരണസമിതി തീരുമാനിച്ചിരുന്നു. ഇത് അവഗണിച്ചാണ് 41 തസ്തികകൾകൂടി സൃഷ്ടിക്കാൻ നിലവിലെ ഭരണസമിതിയുടെ ശ്രമം. എന്നാൽ, ഇതിനു പിന്നിൽ സാമ്പത്തിക താൽപര്യങ്ങളാണെന്നു അഭിപ്രായപ്പെടുന്നവർ ബാങ്ക് അംഗങ്ങളിലുണ്ട്.
85 ആണ് നിലവിൽ ബാങ്കിൽ അനുവദിച്ച തസ്തികകളുടെ എണ്ണം. അടുത്തകാലം വരെ ബാങ്കിൽ 69 പേരാണ് ജോലിയിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ സർക്കാർ ഉത്തരവ് പ്രകാരം സൂപ്പർ ന്യൂമററി നിയനം ലഭിച്ചവരാണ്. ഇത്രയും ജീവനക്കാരുമായി 14 യൂനിറ്റുകളും സുഗമമായി പ്രവർത്തിക്കുന്നതിനിടെ 15 ഒഴിവുകൾ നികത്തി. ഇതോടെ, ആകെ ജീവനക്കാരുടെ എണ്ണം 84 ആയി. ഈ സാഹചര്യത്തിലാണ് 41 തസ്തികകൾകൂടി സൃഷ്ടിക്കുന്നതിനു അപേക്ഷിച്ചത്. ഇപ്പോഴുള്ളതടക്കം 2022 സെപ്റ്റംബറോടെ ബാങ്കിൽ 10 റിട്ടയർമെൻറ് ഒഴിവുകളും കണക്കാക്കുന്നുണ്ട്.
അപേക്ഷിച്ച തസ്തികകളെല്ലാം ജോ. രജിസ്ട്രാർ അനുവദിച്ചാൽ ബാങ്കിൽ ആകെ തസ്തികകളുടെ എണ്ണം 130 ഓളമാകും. മുഴുവൻ തസ്തികകളിലും നിയമനം നടക്കുന്നതോടെ ഒരു യൂനിറ്റിലെ ശരാശരി ജീവനക്കാരുടെ എണ്ണം ഒമ്പതാകും. ഇതു ആവശ്യത്തിലും വളരെ അധികമാണെന്ന് മെംബർമാരിൽ ചിലർ ആക്ഷേപമുന്നയിക്കുന്നു. നിലവിൽ യു.ഡി.എഫ് നിയന്ത്രണത്തിലാണ് ബാങ്ക്. 13 അംഗങ്ങളാണ് ഭരണസമിതിയിൽ. 2022 സെപ്റ്റംബർ വരെയാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി.
ബാങ്കിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ബാങ്ക് ഭരണസമിതി ചെയർമാൻ ഡോ. സണ്ണി ജോർജ് പ്രതികരിച്ചു. പുതിയതായി ബാങ്ക് തുടങ്ങിയ ശാഖകളിൽ മാനേജർ, അക്കൗണ്ടൻറ് തസ്തികകൾ അനുവദിച്ചിട്ടുണ്ടായിരുന്നില്ല. മറ്റുള്ള ജീവനക്കാർക്ക് താൽക്കാലിക ചുമതല നൽകിയാണ് ബാങ്കിെൻറ പുതിയ ശാഖകൾ മുന്നോട്ടുകൊണ്ടുപോയത്.
ഈ സാഹചര്യത്തിലാണ് പുതിയ തസ്തികകൾ അനുവദിക്കാൻ അപേക്ഷ കൊടുത്തത്. 1.93 കോടി ലാഭത്തിലാണ് നിലവിൽ ബാങ്കുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് എല്ലാ ബാങ്കുകളും ലാഭവിഹിതം കൊടുക്കുന്നത് വിലക്കിയിരുന്നു. അതുകൊണ്ടാണ് ലാഭവിഹിതം കൊടുക്കാത്തതെന്നും ഡോ. സണ്ണി ജോർജ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.