വിവാഹ ചടങ്ങിൽ കോവിഡ് രോഗിയെത്തി; റിപ്പണിലും കടച്ചിക്കുന്നിലും ജാഗ്രത
text_fieldsവടുവഞ്ചാൽ: ചൂരൽമലയിൽ കോവിഡ് സ്ഥിരീകരിച്ച യുവാവ് റിപ്പണിലും കടച്ചിക്കുന്നിലും സന്ദർശനം നടത്തിയതിെൻറ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ അതിജാഗ്രത.
രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായി മൂപ്പൈനാട് പഞ്ചായത്തിലെ ഒമ്പത്, 12 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളാക്കി.
കടച്ചിക്കുന്ന് പ്രദേശം ഉൾപ്പെടുന്ന 11ാം വാർഡ് കൂടി കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെടാൻ വ്യാഴാഴ്ച പഞ്ചായത്ത് ഓഫിസിൽ ചേർന്ന യോഗം തീരുമാനിച്ചു.
മേപ്പാടി പൊലീസിെൻറ കൂടി അനുമതിയോടെയാണ് തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ച ചൂരൽമല സ്വദേശി റിപ്പണിലെ ബന്ധു വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. തുടർന്ന് കടച്ചിക്കുന്നിലെ ഭാര്യവീട്ടിലും ഇയാൾ സന്ദർശനം നടത്തിയിരുന്നു.
കടച്ചിക്കുന്നിലെ വ്യാപാര സ്ഥാപനത്തിലും കയറിയതായാണ് വിവരം. തുടർന്നാണ് ഇരു വാർഡും കണ്ടെയ്ൻമെൻറ് സോണുകളാക്കിയത്. കടച്ചിക്കുന്നിെൻറ കുറെ പ്രദേശങ്ങൾ 11ാം വാർഡിൽ ഉൾപ്പെടുന്നുണ്ട്.
പൊലീസും നിരീക്ഷണം ശക്തമാക്കി. പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയാൽ മതിയെന്നും യോഗത്തിൽ തീരുമാനിച്ചു.
ഇക്കാര്യങ്ങൾ അറിയിച്ചുകൊണ്ടുള്ള മൈക്ക് പ്രചാരണം പഞ്ചായത്തിൽ നടത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെടും. കണ്ടെയ്ൻമെൻറ് വാർഡുകളിൽനിന്നുള്ളവർ ബാങ്കുകളിൽ പ്രവേശിക്കരുത്. ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് വടുവഞ്ചാലിലെ ബാങ്കുകളിൽ പ്രദർശിപ്പിക്കാനും അധികൃതരോട് ആവശ്യപ്പെടും.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. യമുന അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഷോബി, ഹെൽത്ത് ഇൻസ്പെക്ടർ ബിജു, വാർഡ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.