കടത്തൊഴിഞ്ഞ രണ്ടു വർഷം: നാട്ടുകാർക്കും കടത്തുകാർക്കും ദുരിത കാലം
text_fieldsപുൽപള്ളി: പെരിക്കല്ലൂർ, മരക്കടവ് എന്നിവിടങ്ങളിലെ കടവുകളിൽ തോണി സർവിസ് നിലച്ചിട്ട് രണ്ടു വർഷം. കർണാടക സർക്കാർ നിർദേശപ്രകാരമാണ് തോണി സർവിസ് നിർത്തിെവച്ചത്. ഈ വഴി യാത്രചെയ്യുന്ന ഇരു സംസ്ഥാനങ്ങളിലെയും നിരവധി യാത്രക്കാരും വിദ്യാർഥികളും തൊഴിലാളികളും ദുരിതത്തിലാണ്. സ്കൂൾ വിദ്യാർഥികൾക്കടക്കം കേരളത്തിൽ വന്ന് പഠിക്കാൻ പറ്റാതായി. നവംബർ ഒന്നിന് സ്കൂൾ തുറന്നതിനു ശേഷം ബൈരക്കുപ്പ പഞ്ചായത്തിൽ നിന്ന് വയനാട്ടിലെ വിവിധ സ്കൂളുകളിലും കോളജുകളിലും വന്ന് പഠിച്ചിരുന്ന വിദ്യാർഥികൾക്ക് ഇന്നും ഓൺലൈൻ പഠനംതന്നെയാണ് ആശ്രയം. നെറ്റ്വർക്ക് തകരാറുകൾ മൂലം കബനിക്ക് അക്കരെയുള്ള സ്ഥലങ്ങളിൽ ഓൺലൈൻ ക്ലാസുകളിൽ ശ്രദ്ധിക്കാനും കുട്ടികൾക്ക് പറ്റുന്നില്ല.
കേരള-കർണാടക സംസ്ഥാനങ്ങളിലുള്ളവർക്ക് യാത്രസൗകര്യമൊരുക്കുന്നതിനാണ് ദശാബ്ദങ്ങൾക്ക് മുമ്പ് പെരിക്കല്ലൂർക്കടവ് കടവിൽനിന്ന് ബൈരക്കുപ്പ തോണി സർവിസ് ആരംഭിച്ചത്. കർണാടകയിലേക്ക് ഏറ്റവും വേഗത്തിൽ ഈ വഴി എത്തിപ്പെടാൻ സാധിക്കും. പുൽപള്ളിയിൽ നിന്ന് മൈസൂരുവിലേക്കെത്താൻ 90 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മതി.
ഇപ്പോൾ മറ്റു വഴികളിലൂടെ ചുറ്റി കറങ്ങി പോകാൻ 120 മുതൽ 140 കിലോമീറ്ററോളം ദൂരം സഞ്ചരിക്കണം. പെരിക്കല്ലൂരിൽ പത്തോളം തോണികളായിരുന്നു കടത്ത് സർവിസ് നടത്തിയിരുന്നത്. മരക്കടവിൽ രണ്ടു തോണി സർവിസുകളും ഉണ്ടായിരുന്നു. ഇതു മുടങ്ങിയതോടെ കടത്തുതൊഴിലാളികൾ തൊഴിൽരഹിതരായി. കഴിഞ്ഞ നിരവധി വർഷങ്ങളായി തോണികൾ വാടകക്കെടുത്ത് സർവിസ് നടത്തിയിരുന്ന തങ്ങളുടെ ജീവിതം കഷ്ടപ്പാടിലാണെന്ന് ഈ രംഗത്തെ തൊഴിലാളികൾ പറയുന്നു. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കാൻ റോഡ് മാർഗമുള്ള ഗതാഗതത്തിന് മാത്രമേ കർണാടക അനുമതി നൽകിയിട്ടുള്ളൂ. ജലഗതാഗതത്തിനുള്ള അനുമതി നൽകാത്തതാണ് കടത്തുതോണി സർവിസ് ഇപ്പോഴും നിശ്ചലമാകാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.