വയനാട്ടിൽ ഒരാഴ്ച കൂടി കടുത്ത നിയന്ത്രണം
text_fieldsകൽപറ്റ: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ ഒരാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം. ഏപ്രിൽ 30 വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും വൈകീട്ട് 7.30 വരെ മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി.
ഹോട്ടൽ, റസ്റ്റോറൻറ്, തട്ടുകട, ബേക്കറി എന്നിവയിൽ സാമൂഹിക അകലം പാലിച്ച് പ്രവേശിപ്പിക്കാവുന്ന ഏറ്റവും കുറഞ്ഞ എണ്ണം ആളുകളെ മാത്രമേ അനുവദിക്കാവൂ. കണ്ടെയ്ൻമെൻറ് സോണുകളിൽ അത്യാവശ്യ കടകൾക്ക് വൈകീട്ട് അഞ്ചുവരെ തുറന്നുപ്രവർത്തിക്കാം.
നിയന്ത്രണം കർശനമാക്കാൻ ജില്ല പൊലീസ് മേധാവിക്ക് യോഗത്തിൽ നിർദേശം നൽകി. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഏപ്രിൽ 30 വരെ തുറന്നുപ്രവർത്തിക്കരുത്. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും ഡ്രൈവിങ് ടെസ്റ്റും ഒരാഴ്ചത്തേക്ക് നിർത്തിവെക്കും.
കോവിഡ് ബാധിച്ചതും അല്ലാത്തതുമായ ജില്ലയിലെ എല്ലാ കോളനികളിലും ആവശ്യമായ റേഷൻ, ഭക്ഷണ കിറ്റ് എന്നിവ ലഭ്യമാക്കുന്നതിന് ഐ.ടി.ഡി.പി കോഒാഡിനേറ്റർക്ക് നിർദേശം നൽകി.
കുട്ട, ബാവലി അതിർത്തിയിലൂടെ കർണാടകയിലേക്ക് ദിവസേന ജോലിക്ക് പോവുന്നവരെ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാക്കുന്നതിനും യോഗത്തിൽ നിർദേശം നൽകി. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ മേപ്പാടി വിംസ് ആശുപത്രിയിൽ 300 പേർക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
300 പേർക്കുകൂടിയുള്ള സൗകര്യം ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പിൽനിന്ന് കൂടുതൽ ജീവനക്കാരെ വിട്ടുനൽകാൻ തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഡി.ഡി.എം.എ ഫണ്ട് ഉപയോഗിച്ച് പൾസ് ഓക്സിമീറ്റർ വാങ്ങും. കോവിഡ് രോഗികൾക്ക് മുമ്പ് നൽകിയവ തിരികെ വാങ്ങും. സി.എഫ്.എൽ.ടി.സി, ഡി.സി.സി എന്നിവ അടിയന്തരമായി ആരംഭിക്കും.
ബത്തേരി താലൂക്ക് പരിധിയിലെ മീനങ്ങാടി ഗവ. പോളി ടെക്നിക്കിൽ സി.എഫ്.എൽ.ടി.സി ആരംഭിക്കാനും നിർദേശം നൽകി. ജില്ലയിലെ കോവിഡ് ആശുപത്രികളിൽ കുടിവെള്ളം, വൈദ്യുതി/ജനറേറ്റർ എന്നിവ ലഭ്യമാണെന്ന് ഉറപ്പുവരുത്താനും അടിയന്തര സാഹചര്യത്തിൽ ലഭ്യമാക്കാനും ജില്ല ഫയർ ഓഫിസർക്ക് നിർദേശം നൽകി.
യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ, കലക്ടർ ഡോ. അദീല അബ്ദുല്ല, ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ, ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ സജിമോൻ കെ. വർഗീസ്, ജില്ല ഫയർ ഓഫിസർ അഷ്റഫ് അലി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി. ജയരാജൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.