കടുവ ആക്രമണത്തിൽ മരണം: തോട്ടംതൊഴിലാളികൾ റോഡ് ഉപരോധിച്ചു
text_fieldsഗൂഡല്ലൂർ: ദേവൻ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിലെ തോട്ടംതൊഴിലാളിയായ ചന്ദ്രൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ എസ്റ്റേറ്റ് തൊഴിലാളികൾ ദേവർഷോല ടൗണിൽ റോഡ് ഉപരോധം നടത്തി. തോട്ടം തൊഴിലാളികളുടെ കന്നുകാലികളെ മേയ്ക്കുന്ന ജോലിയിലാണ് ചന്ദ്രൻ. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ ബംഗ്ലാവിന് സമീപത്ത് കാലികളെ മേയ്ക്കുമ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്.ചികിത്സക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരിച്ചു. വളർത്തു മൃഗങ്ങളെ പിടികൂടുന്നത് പതിവായതോടെ ദേവൻ എസ്റ്റേറ്റ് മേഖലയും ഭീതിയിലായിരുന്നു. ഇതേതുടർന്ന് കന്നുകാലികളെ മേയ്ക്കാൻ ഒരാളെകൂടി നിയമിക്കണമെന്ന് തൊഴിലാളികളുടെ ആവശ്യം മാനേജ്മെൻറ് അംഗീകരിച്ചില്ലെന്നും തൊഴിലാളികൾ പരാതിപ്പെട്ടു.
ചന്ദ്രൻ മരിച്ചു എന്നറിഞ്ഞതോടെയാണ് ദേവൻ ഒന്ന് രണ്ട് മറ്റ് ഡിവിഷനിലെ തൊഴിലാളികൾ അടക്കമുള്ളവർ ടൗണിൽ മൂന്ന് മണിയോടെ ഉപരോധം തുടങ്ങിയത്. തൊഴിലാളിയുടെ നിര്യാണത്തിൽ അനുശോചിചും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചു.
ആർ.ഡി.ഒ ശരവണകണ്ണൻ, ഊട്ടി ഡി.എഫ്.ജെ സച്ചിൻ ദുക്കാറ, എ.ഡി.എസ്.പി മോഹൻ നിവാസ്, തഹസിൽദാർ കൃഷ്ണമൂർത്തി എന്നിവർ ജനപ്രതിനിധി, തൊഴിലാളി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും റോഡ് ഉപരോധത്തിൽനിന്ന് തൊഴിലാളികൾ പിന്മാറാൻ കൂട്ടാക്കിയില്ല. ചന്ദ്രെൻറ കുടുംബത്തിന് നഷ്ടപരിഹാരമായി നാലു ലക്ഷവും മകന് സർക്കാർ ജോലിയും ഭാര്യക്ക് വിധവ പെൻഷൻ നൽകാമെന്നും അറിയിച്ചെങ്കിലും അംഗീകരിക്കാതെ സമരം തുടർന്നു.
കടുവയെ ഉടൻ വെടിവെച്ച് കൊല്ലണം എന്നാണ് പ്രധാന ആവശ്യം. രണ്ടുദിവസത്തിനകം കടുവയെ പിടികൂടാമെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ കൂട് കൊണ്ടുപോയി സ്ഥാപിച്ച് വനപാലകരുടെ നിരീക്ഷണവും ഏർപ്പെടുത്തി. കടുവയെ ശനിയാഴ്ച ഡോക്ടർമാരുടെ സംഘം എത്തി മയക്കുവെടി വെച്ച് പിടികൂടി വണ്ടലൂർ മൃഗശാലയിലേക്ക് എത്തിക്കാൻ നടപടിയെടുക്കും. തൊഴിലാളിയുടെ കുടംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും പരമാവധി നഷ്ടപരിഹാരവും തുക അനുവദിച്ചു കിട്ടാൻ സർക്കാറിൽ ശിപാർശ ചെയ്യും എന്ന് ഉറപ്പു നൽകിയതോടെ തൊഴിലാളികൾ നടത്തിയ അഞ്ചു മണിക്കൂർ നീണ്ട റോഡ് ഉപരോധം രാത്രി എട്ടരമണിയോടെ പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.