പുല്ലരിയാൻ പോയ കർഷകന്റെ മരണം: ചുരുളഴിയാതെ ദുരൂഹത
text_fieldsമീനങ്ങാടി: പുല്ലരിയാൻ പോയ കർഷകനെ സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ശക്തം. മീനങ്ങാടി മുരണി കുണ്ടുവയൽ കീഴാനിക്കൽ സുരേന്ദ്രന്റെ മൃതദേഹമാണ് സംഭവം നടന്നതിന് നാലു കിലോമീറ്ററോളം അകലെ നിന്ന് കണ്ടെടുത്തത്.
സുരേന്ദ്രനെ മുതലയോ മറ്റേതെങ്കലും ജീവിയോ വലിച്ചുകൊണ്ടുപോയതാണെന്ന അഭ്യൂഹം കാണാതായ ബുധനാഴ്ച മുതൽ നാട്ടിൽ പരന്നിരുന്നു. എന്നാൽ, പ്രാഥമിക പരിശോധനയിൽ മൃതശരീരത്തിൽ വന്യ ജീവി ആക്രമിച്ചതായ പരിക്കുകളോ മറ്റു ഗുരുതര മുറിവുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പ്രാഥമിക നിഗമനത്തിൽ ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ് പൊലീസും. പുല്ലരിയാൻ പോയ ഭാഗത്തായി വലിച്ചിഴച്ച പോലുള്ള പാടുകൾ കണ്ടിരുന്നു. വ്യാഴാഴ്ചയും രാവിലെ മുതൽ തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങൾ, ബത്തേരി അഗ്നിരക്ഷ സേനാംഗങ്ങൾ, പൾസ് എമർജൻസി ടീമംഗങ്ങൾ, എൻ.ഡി.ആർ.എഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.
ഉച്ച കഴിഞ്ഞ് ചീരാംകുന്ന് ഗാന്ധി നഗറിന് സമീപത്തെ ചെക്ക്ഡാമിന് അടുത്ത് നിന്ന് തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങൾ മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങൾ പറഞ്ഞു.
വീടിന് സമീപത്തുനിന്ന് സുരേന്ദ്രന്റേതെന്ന് കരുതുന്ന വസ്ത്രങ്ങൾ രാവിലെ തിരച്ചിൽ സംഘം കണ്ടെടുത്തിരുന്നു. ഇതു സുരേന്ദ്രന്റെ വസ്ത്രമാണെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചതോടെയാണ് മുതല കടിച്ചെന്ന അഭ്യൂഹം പരന്നത്. എസ്.പി പദംസിങ്, ഡിവൈ.എസ്.പി അബ്ദുൽ ഷെരീഫ്, അഗ്നി രക്ഷാസേന, എൻ.ഡി.എഫ്.ആർ, പൾസ് എമർജൻസി, തുർക്കി ജീവൻ രക്ഷാസമിതി, റവന്യൂ, വനം, പൊലീസ്, ഫോറൻസിക് മീനങ്ങാടി പഞ്ചായത്ത്, ബത്തേരി ബ്ലോക് പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.