വയനാട് മെഡിക്കല്‍ കോളജ് വികസനം; മാസ്റ്റര്‍ പ്ലാന്‍ പരിഗണനയിലെന്ന് മുഖ്യമന്ത്രി
text_fieldsകാത്ത് ലാബ്, മള്‍ട്ടി സ്പെഷാലിറ്റി കെട്ടിടം, സ്കിൽ ലാബ് എന്നിവ നാടിന് സമർപ്പിച്ചു
•കൂടുതൽ സൗകര്യങ്ങളൊരുക്കി മെഡിക്കൽ കോളജ് പൂർണ സജ്ജമാക്കും
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജ് വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാറിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വയനാട് മെഡിക്കല്‍ കോളജില്‍ പുതുതായി നിര്‍മിച്ച കാത്ത് ലാബിന്റെയും മള്‍ട്ടി സ്പെഷാലിറ്റി കെട്ടിടത്തിന്റെയും ഹൈടെക് സ്കിൽ ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വയനാട് മെഡിക്കൽ കോളജ് വിപുലീകരിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. മാസ്റ്റർ പ്ലാൻ സർക്കാർ പരിഗണനയിലാണ്.
ആദിവാസി വിഭാഗങ്ങൾക്ക് ഫലപ്രദ ചികിത്സ ലഭിക്കുമെന്നതാണ് ഏറെ പ്രാധാന്യമുള്ള കാര്യം. അനുബന്ധ സൗകര്യം കൂടി ഒരുക്കി മെഡിക്കൽ കോളജ് പൂർണ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനം നടത്തും.
ജില്ലയിലെ മറ്റ് ആശുപത്രികളിലെ സൗകര്യവും വർധിപ്പിക്കും. ജില്ലയുടെ സമഗ്ര മുന്നേറ്റം ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക ആരോഗ്യ പദ്ധതികളും മുന്നേറുകയാണ്. ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പോഷകാഹാര കുറവ്, വിളര്‍ച്ച, അരിവാള്‍ രോഗം എന്നിവ നേരത്തേ കണ്ടെത്തി ചികിത്സയും സഹായവും നല്‍കാനുള്ള പദ്ധതികള്‍ ജില്ലയില്‍ നടക്കുന്നുണ്ട്. പ്രസവ ചികിത്സ സംവിധാനം, ഊരുമിത്രം പദ്ധതി, അരിവാള്‍ രോഗികള്‍ക്കായുള്ള സമാശ്വാസ പദ്ധതി, ക്ഷയരോഗ നിര്‍ണയ പദ്ധതികള്‍, ആന്റി റാബീസ് ക്ലിനിക് തുടങ്ങി നിരവധി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ നടത്തപ്പെടുന്ന ഘട്ടത്തിലാണ് വയനാട് മെഡിക്കല്‍ കോളജിലെ പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം നടക്കുന്നത്. ജില്ലയിലെ ആരോഗ്യമേഖലക്ക് ഹൈടെക് സ്കില്‍ ലാബും ഏറെ ഗുണകരമാകും. 70 ലക്ഷം രൂപ ചെലവില്‍ 2,850 ചതുരശ്ര അടിയിലാണ് ലാബ് ഒരുക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എല്‍. ബീന സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന കാത്ത് ലാബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒ.ആര്. കേളു എം.എല്‍.എ, ജില്ല കലക്ടര്‍ ഡോ. രേണുരാജ്, മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, ഡി.എം.ഒ ഡോ. പി. ദിനീഷ്, നബാര്‍ഡ് ചീഫ് മാനേജര്‍ ഡോ. ജി. ഗോപകുമാരന്‍ നായര്‍, മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.