വികസന പദ്ധതികൾ വേഗത്തിലാക്കണം -രാഹുല്‍ ഗാന്ധി എം.പി
text_fieldsകൽപറ്റ: എം.പി മാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നടത്തുന്ന വികസന പദ്ധതികളുടെ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി. വയനാട് കലക്ടറേറ്റില്‍ ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ ഏഴുകോടി 65 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കാണ് മണ്ഡലത്തില്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളത്. അതില്‍ 4.6 കോടിയുടെ പ്രവൃത്തികൾക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. ഈ പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ വിവിധ വകുപ്പ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ജില്ലയില്‍ പി.എം.ജി.എസ് പദ്ധതിയില്‍ കൂടുതല്‍ റോഡുകള്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മർദം ചെലുത്തും. പ്രവൃത്തി പുരോഗമിച്ച് വരുന്ന റോഡുപണികളില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും പരാതി ലഭിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രവൃത്തികള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജില്ലയില്‍ കൂടുതല്‍ സി.ആര്.എഫ് ഫണ്ട് അനുവദിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പു നല്കി. പി.എം.ജെ.വി.കെ പദ്ധതിയില്‍ പനമരം ബ്ലോക്കിനെ ഉള്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്.
വിഷയത്തില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിക്ക് കത്ത് നല്‍കിയതായി അദ്ദേഹം അറിയിച്ചു. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ആദിവാസി ജനതയുടെ റേഷന്‍ ആനുകൂല്യങ്ങള്‍ തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ പ്രത്യേക ഡ്രൈവ് പരിപാടികള്‍ നടത്തണമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അധികാരികളോട് ആവശ്യപ്പെട്ടു. മുന്‍ഗണന കാര്‍ഡുകളുടെ ശതമാനം വർധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മർദം ചെലുത്തും.
ആദിവാസി വിഭാഗങ്ങളുടെ തൊഴിലവസരം എങ്ങനെ മെച്ചപ്പെടുത്താം എന്നതു സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബന്ധപ്പെട്ട വകുപ്പുകളോട് എം.പി ആവശ്യപ്പെട്ടു.
യോഗത്തില്‍ കലക്ടര്‍ എ. ഗീത ദിശ പദ്ധതി നിര്‍വഹണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.ജെ.വി.കെ, എന്‍.ആര്.എല്‍.എം, പ്രധാന്‍മന്ത്രി ഗ്രാമ സഡക് യോജന, നാഷനല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗാം, പ്രധാന് മന്ത്രി ആവാസ് യോജന, സ്വച്ഛ് ഭാരത് മിഷന്, നാഷനല്‍ ഹെല്‍ത്ത് മിഷന്, ഫ്ലഡ് വര്‍ക്ക് തുടങ്ങി ജില്ലയില്‍ നടപ്പാക്കിവരുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ വിലയിരുത്തി.
കെ.സി. വേണുഗോപാല്‍ എം.പി, അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം എന്‍.ഐ. ഷാജു, സബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂര്‍ കാട്ടി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
'ഒരു പടം ആവാം.. ഇത്രയും പടങ്ങൾ വേണ്ട' ടി. സിദ്ദീഖിനോട് രാഹുൽ
കൽപറ്റ: എം.എൽ.എ ഓഫിസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരത്തിലും വേദിയിലും പരിസരത്തുമൊക്കെ ബോർഡിലും ബാനറിലുമായി തന്റെ പടങ്ങൾ നിറഞ്ഞുനിൽക്കുന്നത് കണ്ടപ്പോൾ രാഹുൽ ഗാന്ധിക്ക് അത് അത്രക്കങ്ങ് 'ബോധിച്ചില്ല'. സ്വന്തം പടങ്ങൾ നിറഞ്ഞുകാണുന്നത് തനിക്ക് അലർജിയാണെന്നും അത്യാവശ്യമെങ്കിൽ ഒരു പടം ആവാമെന്നും പ്രസംഗമധ്യേ രാഹുൽ ഓർമിപ്പിച്ചു. 'സിദ്ദീഖിന് ഇത് ഇഷ്ടപ്പെട്ടേക്കില്ല' എന്ന ആമുഖത്തോടെയാണ് രാഹുൽ അക്കാര്യം സൂചിപ്പിച്ചത്.
'ഞാൻ ഒരു കാര്യം പറയാൻ പോവുകയാണ്. സിദ്ദീഖ് ഒരുപക്ഷേ അതിഷ്ടപ്പെടില്ല. എന്റെ കുറേ പടങ്ങൾ കാണുന്നതിനോട് എനിക്ക് വലിയ താൽപര്യമില്ല. എന്റെ ഒരു ചിത്രം വെക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ, ഒരുപാട് ചിത്രങ്ങൾ വെക്കരുതെന്നാണ് വ്യക്തിപരമായ അഭിപ്രായം. ബാക്കി അദ്ദേഹത്തിന് തീരുമാനിക്കാം. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ടമുള്ളവരോട് തുറന്നുപറയുകയാണെന്നും രാഹുൽ പറഞ്ഞു.
'എം.എൽ.എ ഓഫിസ് വയനാട്ടിലെ ജനങ്ങളുടെ ആയുധമാവണം'
കൽപറ്റ: എം.എൽ.എ ഓഫിസ് വയനാട്ടിലെ ജനങ്ങളുടെ ആയുധമാവണമെന്ന് രാഹുൽ ഗാന്ധി എം.പി. എം.എൽ.എയുടെയോ കോൺഗ്രസിന്റെയോ അല്ല, വയനാട്ടിലെ മുഴുവൻ ജനങ്ങളുടെയും ഓഫിസായി ഇത് മാറണമെന്നും രാഹുൽ പറഞ്ഞു. കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയുടെ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓഫിസ് കെട്ടിടം എന്നതിലുപരി ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന കണ്ണിയാണ്. ഓഫിസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് കൂടിയാവണം. ഏത് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാവുന്ന വിധത്തില്‍ ജനങ്ങളുടെ ആശ്രയകേന്ദ്രമാവണം. എന്നാല്‍ ആര്.എസ്.എസിന്റെയോ സി.പി.എമ്മിന്റെയോ ഓഫിസിലേത് പോലെ പറയുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ അവരെ ആക്രമിക്കാനുള്ള ആയുധമാക്കാനല്ല പറയുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
രോഗമടക്കമുള്ള എന്തെങ്കിലും പ്രശ്നമായി എത്തുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായി കാത്ത് നില്‍ക്കരുത്. മറ്റുള്ളവരുടെ സഹായങ്ങള്‍ അഭ്യര്‍ഥിച്ച് അത്തരം വിഷയങ്ങളില്‍ നടപടി സ്വീകരിക്കണം. എല്ലാവരുടെയും അത്താണിയായി മാറാന്‍ ഈ ഓഫിസിന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. 30,000 കർഷകർക്ക് നോട്ടീസ് വരുമ്പോൾ അവരെ സഹായിക്കാൻ കഴിയണം. അതിന് നമ്മുടെ ഉള്ളിലുള്ള ചിന്തയും താൽപര്യവുമാണ് പ്രധാനം. രാജ്യത്ത് ഭയാനക സാഹചര്യമാണ് നിലനില്‍ക്കുന്നത്. നോട്ടുനിരോധനം, ജി.എസ്.ടിയുടെ അപാകതകള്‍, കോവിഡ് നിയന്ത്രണത്തിലെ പോരായ്മകള്‍ ഇതെല്ലാം ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
നിയോജകമണ്ഡലം യു.ഡി.എഫ് ചെയര്മാന് റസാഖ് കൽപറ്റ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹന്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, എം.പി. അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.കെ. അബ്രഹാം, പി.എം. നിയാസ്, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, ജില്ല യു.ഡി.എഫ് ചെയര്മാന് പി.പി.എ. കരീം എന്നിവര്‍ സംബന്ധിച്ചു.
കലക്ടറേറ്റിൽ പ്രവേശനം നിഷേധിച്ചതിനെതിരെ പരാതി
കൽപറ്റ: രാഹുൽ ഗാന്ധി എം.പി യോഗത്തിൽ പങ്കെടുക്കുന്ന സമയത്ത് കലക്ടറേറ്റിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ പരാതി. രാവിലെ 10.45ന് കലക്ടറേറ്റിലെത്തിയപ്പോൾ അകത്തേക്ക് കടത്തിവിടാതെ പൊലീസ് തടഞ്ഞതിനെതിരെ മടക്കിമല സ്വദേശി റഹ്മാൻ ഇളങ്ങോളിയാണ് ജില്ല ലീഗൽ സർവിസ് അതോറിറ്റിയിൽ പരാതി നൽകിയത്.
ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, എ.ഡി.എം എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. യോഗം കഴിഞ്ഞേ പൊതുജനങ്ങൾക്ക് കലക്ടറേറ്റിലേക്ക് പ്രവേശനമുള്ളൂ എന്നാണ് അധികൃതർ അറിയിച്ചതെന്ന് റഹ്മാൻ പറഞ്ഞു. ജനം തെരഞ്ഞെടുത്ത പാർലമെന്റേറിയൻ കലക്ടറേറ്റിലുണ്ടെന്നതിനാൽ സുപ്രധാന സേവനങ്ങൾ തേടിയെത്തുന്ന പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്നത് അന്യായവും ജനാധിപത്യ വിരുദ്ധവുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. പൗരസ്വാതന്ത്ര്യം ഹനിക്കുന്ന നിലപാട് സ്വീകരിച്ച അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
പാട്ടുപാടി ചന്ദന; കൈയടിച്ച് രാഹുൽ
കൽപറ്റ: പാട്ടുപാടി രാഹുൽ ഗാന്ധിയുടെ മനം കവർന്ന് ഗോത്രവിഭാഗത്തില്‍ നിന്നുള്ള വൈറല്പാട്ടുകാരി ചന്ദന. ടി. സിദ്ദീഖ് എം.എൽ.എയുടെ ഓഫിസ് ഉദ്ഘാടനവേദിയിലാണ് ചന്ദനയെ അനുമോദിച്ച ശേഷം രാഹുല്‍ഗാന്ധി പാട്ട് കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. യൂട്യൂബില്‍ പാടി വൈറലായ ചെന്താമര ചേലുള്ള പെണ്ണേ....എന്ന നാടന്‍പാട്ട് പാടി ചന്ദന വേദിയെയും സദസ്സിനെയും കൈയിലെടുത്തു. കൈയടിച്ചും താളമിട്ടും ചന്ദനക്ക് പ്രോത്സാഹനവുമായി രാഹുല്‍ഗാന്ധിയും മറ്റു നേതാക്കന്മാരും ഒപ്പം കൂടി.
സുഗന്ധഗിരിക്ക് സമീപം പ്ലാന്റേഷന്കുന്ന് കര്‍പ്പൂരക്കാട് കോളനിയിലെ പരേതനായ ചന്ദ്രന്-ശുഭ ദമ്പതികളുടെ ഇളയമകളാണ് ചന്ദന. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിനാളുകളാണ് ചന്ദനയുടെ പാട്ട് ആസ്വദിച്ചത്. പൊഴുതന അച്ചൂര് ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്. ഗോകുല്‍, രാഹുല്‍, ശാകുല് എന്നിവരാണ് സഹോദരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.