വെങ്ങപ്പള്ളിയുടെ വികസന മുരടിപ്പിന് അറുതിയില്ല
text_fieldsവെങ്ങപ്പള്ളി: പഞ്ചായത്ത് ഭരണം മുന്നണികൾ മാറിമാറി കൈയാളിയിട്ടും ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന അങ്ങാടിയായ വെങ്ങപ്പള്ളി വികസനം കാത്ത് കഴിയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. പഞ്ചായത്തിലെ പിണങ്ങോട് കഴിഞ്ഞാൽ ജനങ്ങൾ ഏറ്റവും കൂടുതൽ അധിവസിക്കുന്ന പ്രധാന പട്ടണമാണ് വെങ്ങപ്പള്ളി.
കൽപറ്റ നഗരസഭ, തരിയോട് ഗ്രാമപഞ്ചായത്ത്, പൊഴുതന ഗ്രാമപഞ്ചായത്ത്, കോട്ടത്തറ ഗ്രാമപഞ്ചായത്ത് എന്നിവയോട് അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തിന്റെ നവീകരണത്തിനായി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
നിരവധി കച്ചവട സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഓട്ടോ ടാക്സി തൊഴിലാളികളും ആശ്രയിക്കുന്ന ടൗണിനോടുള്ള അവഗണനക്കെതിരെ പ്രതിഷേധം വ്യാപകമാണ്.
പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പട്ടണത്തിൽ അവശ്യസേവനങ്ങൾ ഒരുക്കുന്നതിൽ ഇരു പഞ്ചായത്തുകളും വേണ്ടത്ര ശ്രദ്ധനൽകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൊതു ശുചിമുറി, ബസ് കാത്തിരിപ്പു കേന്ദ്രം, ഹൈമാസ്റ്റ് ലൈറ്റ് എന്നീ പ്രധാന ആവശ്യങ്ങൾ പോലും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
നിലവിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഇവിടെയുണ്ടെങ്കിലും കാലപ്പഴക്കം കാരണം ശോച്യാവസ്ഥയിലാണ്. കൽപറ്റയിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുന്നവർക്ക് നല്ലൊരു ബസ് വെയിറ്റിങ് ഷെഡ് ഇല്ലാത്തതിനാൽ മഴയും വെയിലുംകൊണ്ട് നിൽക്കേണ്ട അവസ്ഥയിലാണ്.
13 വാർഡുകളാണ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ളത്. ഗ്രാമപഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്നത് പിണങ്ങോട് ടൗണിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയാണ്. ക്ഷേമ പെൻഷനും അപേക്ഷയുമായി ഇവിടെ എത്തിപ്പെടാൻ പലപ്പോഴും സാധാരണക്കാരായ ആളുകൾ ബുദ്ധിമുട്ടുന്നു.
പഞ്ചായത്ത് മത്സ്യ-മാംസ മാർക്കറ്റ്, പൊതു ശുചിമുറി എന്നിവയുടെ അഭാവം നിരവധി പേരെയാണ് വലക്കുന്നത്. മാലിന്യ നിർമാർജനവും വെങ്ങപ്പള്ളി ടൗൺ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇവിടെ പലപ്പോഴും കുടിവെള്ളം മുടങ്ങുന്നതും ദുരിതങ്ങൾക്ക് ആക്കംകൂട്ടുന്നു.
വെങ്ങപ്പള്ളി ടൗണിൽനിന്ന് പൊഴുതന ജങ്ഷനിലേക്ക് തിരിയുന്ന ഭാഗത്ത് അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഗതാഗത തടസ്സങ്ങൾ നിയന്ത്രിക്കാൻ മറ്റ് സംവിധാനങ്ങൾ വേണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
ടൗണിലെ തെരുവുവിളക്കുകൾ മിക്കതും തുരുമ്പെടുത്തു. നല്ലൊരു ഹൈമാസ്റ്റ് ലൈറ്റ് വെങ്ങപ്പള്ളിയിലില്ല. കടകൾ കുത്തിത്തുറന്ന് മോഷണങ്ങൾ നടത്തുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.