അധിക നിയന്ത്രണങ്ങളുമായി ജില്ല ഭരണകൂടം; അത്ര 'ഹാപ്പിയാവില്ല' ന്യൂഇയർ ആഘോഷം
text_fieldsകൽപറ്റ: പുതുവർഷവേളയിൽ അതിരുവിട്ട ആൾക്കൂട്ടവും അനിയന്ത്രിത ആഘോഷവും നിയന്ത്രിക്കാൻ ജില്ല ഭരണകൂടം. ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഈ ദിവസങ്ങളില്‍ രാത്രി 10 മുതല്‍ പുലർച്ചെ അഞ്ചു വരെ ആൾക്കൂട്ടം ചേര്‍ന്നുള്ള പരിപാടികള്‍ അനുവദിക്കില്ലെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഒമിക്രോണ്‍ വകഭേദത്തിെൻറ വ്യാപനശേഷി കൂടുതലായതിനാലാണ് നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ പുതുവത്സരാഘോഷങ്ങള്‍ക്ക് ദുരന്ത നിവാരണ നിയമ പ്രകാരം ജില്ല ഭരണകൂടം അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇതിെൻറ ഭാഗമായി വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവാനിടയുള്ള മാളുകളിലും, പൊതുയിട ങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും നിയമിച്ചിട്ടുണ്ട്. ഭൂപതിവ് തഹസില്‍ദാര്‍മാരായ എം.ജെ. അഗസ്റ്റിന് (മാനന്തവാടി), എം.എസ്. ശിവദാസന്‍ (വൈത്തിരി), ആന്റോ ജേക്കബ്, (സുല്‍ത്താന്‍ ബത്തേരി) എന്നിവരെയാണ് താലൂക്ക്തല സെക്ടറല്‍ മജിസ്ട്രേറ്റുമാരായി നിയമിച്ചത്.
ജില്ലയിലെ ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, ഭക്ഷണശാലകള്‍, തിയറ്ററുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമെ പ്രവേശനം അനുവദിക്കാവൂ.
റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ബന്ധപ്പെട്ട സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയവ പാലിക്കണം. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍, വനം വകുപ്പ് എന്നിവ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.