ജില്ല പഞ്ചായത്ത് വികസന സെമിനാര്‍; വയനാടിന് 60.10 കോടിയുടെ കരടുപദ്ധതികൾ
text_fieldsകൽപറ്റ: ജില്ലയുടെ സുസ്ഥിര ഗ്രാമവികസനത്തിന് വേറിട്ട ദിശാബോധം നല്കാന് 60.10 കോടി രൂപയുടെ കരടുപദ്ധതികള്‍ അവതരിപ്പിച്ച് ജില്ല പഞ്ചായത്ത് വികസന സെമിനാര്‍. ജില്ല അഭിമുഖീകരിക്കുന്ന രൂക്ഷമായ വന്യമൃഗ ശല്യവും തനത് കാര്‍ഷിക മേഖലകളുടെ വീണ്ടെടുപ്പും ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനവും ലക്ഷ്യമിട്ടുള്ള 218 പദ്ധതികളാണ് അവതരിപ്പിച്ചത്. സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് എന്നിവരുടെ ക്ഷേമത്തിനുള്ള പദ്ധതികളും പട്ടികയില്‍ ഇടംപിടിച്ചു.
ജില്ല ആസൂത്രണ ഭവനില്‍ നടന്ന സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.
2023 -24 വാര്‍ഷിക പദ്ധതികളുടെ കരട് രേഖ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബിക്ക് നല്കി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഉഷാതമ്പി കരടുരേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന് പദ്ധതി വിശദീകരണം നടത്തി. വികസന ഫണ്ട് വിഭാഗത്തില്‍ 32.83 കോടി രൂപ, മെയിന്റനന്‍സ് ഗ്രാന്റ് വിഭാഗത്തില്‍ 12.88 കോടി, മറ്റു വിഭാഗത്തില്‍ 14.39 കോടി ഉള്‍പ്പെടെ ആകെ 60.10 കോടി രൂപയുടെ കരട് പദ്ധതികളാണ് സെമിനാറില്‍ അവതരിപ്പിച്ചത്.
നെന്മണി -നെല്‍കൃഷി സബ്സിഡി, ക്ഷീരസാഗരം, പെണ്മ -സ്ത്രീകള്‍ക്ക് സംരംഭത്വ സഹായം നല്കല്, സമഗ്ര- വിദ്യാഭ്യാസ പരിപാലന പദ്ധതി, ജലാശയങ്ങളില്‍ മത്സ്യ വിത്ത് നിക്ഷേപിക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം, കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം, വയോജനങ്ങള്‍, പാലിയേറ്റിവ് കെയര്‍, ഭവന നിർമാണം, മൃഗ സംരംക്ഷണം, ദാരിദ്ര്യ ലഘൂകരണം, ശുചിത്വ മാലിന്യ സംസ്ക്കരണം തുടങ്ങി ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് സഹായകരമാകുന്ന പദ്ധതികളാണ് 2023 -24 വര്‍ഷത്തില്‍ ജില്ല പഞ്ചായത്ത് ഊന്നല്‍ നല്‍കിയത്. പദ്ധതികളില്‍ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചര്‍ച്ചയും വിലയിരുത്തലും നടന്നു.
യോഗത്തില്‍ ജില്ല പഞ്ചായത്ത് അംഗങ്ങളായ ബീനജോസ്, ജുനൈദ് കൈപ്പാണി, സുരേഷ് താളൂര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് ജസ്റ്റിന് ബേബി, ഗ്രാമപഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി എ.കെ. റഫീക്ക്, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.സി. മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങള്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.