ജില്ല സ്കൂൾ കായിക മേള; പോരാട്ടത്തിലും ഒന്നിച്ചു നേടി രണ്ട് ഇരട്ടകൾ
text_fieldsഇരട്ട സഹോദരിമാരായ രണ്ടു ജോഡികൾ ജില്ല കായിക മേളയുടെ ശ്രദ്ധാ കേന്ദ്രമായത് കൗതുകം കൊണ്ടു മാത്രമല്ല, മികവിന്റെ കാര്യത്തിലും ഇവർ ബഹു ദൂരം മുന്നിലാണ്. രണ്ടു ഇരട്ട ജോഡികളെയും പെട്ടെന്ന് വേർതിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ട്. അഞ്ജലീനയെയും അഞ്ജനയെയും കൂടാതെ സിയ, ദിയ എന്നിവരാണ് കായിക മേളക്കെത്തിയ ഇരട്ട ജോഡികൾ. പെട്ടെന്ന് ഇവരെ തിരിച്ചറിയാനും ഏറെ ബുദ്ധിമുട്ടാണ്.
ജില്ല കായിക മേളയിൽ മികവിന്റെ കാര്യത്തിലും ഇവർ ഒന്നിനൊന്ന് മെച്ചം. എല്ലാത്തിലും ഒന്നായവര്‍ നേട്ടത്തിലും ഒന്നിച്ചത് കൗതുകത്തിന് അപ്പുറം അഭിമാനവുമായി. കാക്കവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികളും ഇരട്ട സഹോദരികളുമായ എന്‍.ജെ അഞ്ജലീന മേരി, എന്‍.ജെ. അഞ്ജന മേരി എന്നിവരും ജില്ല സ്പോര്‍ട്സ് അക്കാദമി താരങ്ങളായ എന്‍. സിയ, എന്‍. ദിയ എന്നിവരുമാണ് ഇരട്ടകളുടെ കൗതുകം കൊണ്ട് ശ്രദ്ധേയരായത്. മേളയുടെ ആദ്യ ദിനത്തില്‍ സീനിയര്‍ വിഭാഗം 1500 മീറ്ററില്‍ ഇരട്ടകളായ അഞ്ജലീന മേരിയും അഞ്ജന മേരിയും ഒന്നും രണ്ടും സ്ഥാനക്കാരായി ഫിനിഷ് ചെയ്തപ്പോള്‍ വ്യാഴാഴ്ച നടന്ന 3000 മീറ്ററില്‍ ഇതേ ഇരട്ട സഹോദരിമാർ സ്വർണവും വെള്ളിയും പങ്കിട്ടു.
അഞ്ജനയാണ് ഒന്നാമതെത്തിയത്. തൊട്ടു പിന്നില്‍ അഞ്ജലീന മേരിയും ഫിനിഷ് ചെയ്തു. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്ത ഡി.എസ്.എ താരങ്ങളായ സിയയും ദിയയും ട്രാക്കിലും ഫീല്‍ഡിലും നേട്ടവുമായാണ് കായിക മേളയില്‍ നിന്ന് കളം വിടുന്നത്. ജൂനിയര്‍ വിഭാഗം 100 മീറ്റര്‍ ഹർഡില്‍സിലാണ് സിയയുടെ സ്വര്‍ണ നേട്ടം. ഇതേ വിഭാഗം ലോങ് ജംപില്‍ ദിയയും പൊന്നണിഞ്ഞു. കഴിഞ്ഞ വർഷം കൊല്ലം ജില്ല കായിക മേളയിലും രണ്ടും പേരും മൂന്ന് ഇനങ്ങളിൽ നേട്ടം കൊയ്തിരുന്നു. ഈ വർഷമാണ് വയനാട്ടിലെത്തിയത്. മുണ്ടേരി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഇരുവരും മലപ്പുറം താനൂര്‍ നടക്കാവ് ഇരഞ്ഞിക്കൽ സഞ്ജയ്- ദിവ്യ ദമ്പതികളുടെ മക്കളാണ്. വാഴവറ്റ സ്വദേശികളായ ജോണി-മേരി ദമ്പതികളുടെ മക്കളാണ് അഞ്ജലീന മേരിയും അഞ്ജന മേരിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.