മഴയിലും കുടിവെള്ളം കിട്ടാതെ ഇരുളം മേഖലയിലെ ആദിവാസികൾ
text_fieldsപുൽപള്ളി: ഇരുളം, തൂത്തിലേരി, നായരുകവല തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി കുടുംബങ്ങൾ മഴക്കാലത്തും കുടിവെള്ളത്തിന് അലയുന്നു. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ കഴിയുന്ന ഈ കുടുംബങ്ങൾ വെള്ളത്തിനായി ഒന്നും രണ്ടും കിലോമീറ്റർ വരെ താണ്ടുകയാണ്. അങ്ങാടിശ്ശേരിക്കടുത്ത ഒഴുകിയെത്തുന്ന നീരുറവയാണ് ഇവർക്ക് ഏക ആശ്രയം.തൂത്തിലേരിയിൽ 60ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്കായി നിർമിച്ചുനൽകിയ കിണർ മലിനമയമാണിന്ന്. ഈ വെള്ളം ഉപയോഗിക്കാൻ കഴിയാത്തതിനാൽ കിലോമീറ്ററോളം നടന്ന് വെള്ളം കൊണ്ടുവരേണ്ട ഗതികേടാണ്. നായരുകവലയിലും ഇതേ അവസ്ഥ തന്നെയാണ്.
ഇവിടെ വനം വകുപ്പിന്റെ ഭൂമി കൈയേറി താമസിക്കുന്ന 500ഓളം കുടുംബങ്ങളുണ്ട്. താൽക്കാലിക കുടിലുകൾ കെട്ടി കഴിയുന്നവരാണിവർ. ഇവർക്കും ആശ്രയം ഈ പ്രദേശത്തെ നീരുറവ മാത്രമാണ്. വനത്തിനുള്ളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം മുളപ്പാത്തി വഴി ശേഖരിക്കുകയാണ്. അങ്ങാടിശ്ശേരി ഭാഗത്തും നിരവധി ആദിവാസി കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇവരും ജലക്ഷാമത്താൽ വലയുകയാണ്. ചില കേന്ദ്രങ്ങളിൽ വർഷങ്ങൾക്കുമുമ്പ് കിണർ നിർമിച്ചുനൽകിയെങ്കിലും പലതും ഉപയോഗശൂന്യമാണ്. ഈ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.