ഡ്രോൺ പറന്നു, പാടശേഖരങ്ങളിൽ വളം തളിക്കാൻ
text_fieldsപുൽപള്ളി: സൂക്ഷ്മ മൂലക വളക്കൂട്ടുമായി കബനിക്കരയിലെ കൊളവള്ളി പാടശേഖരത്ത് ഡ്രോൺ പറന്നിറങ്ങി.
വളപ്രയോഗം, കളപറിക്കൽ, കീടരോഗ നിയന്ത്രണത്തിനായുള്ള മരുന്നുതളി എന്നിവക്ക് തൊഴിലാളി ദൗർലഭ്യവും കോവിഡ് നിയന്ത്രണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് നെൽകൃഷി ഹൈടെക്ക് രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. കൃഷി വിജ്ഞാന കേന്ദ്രത്തിെൻറ നേതൃത്വത്തിലാണ് വളം തളിക്കാൻ ആകാശപ്പറവകളെ ഉപയോഗിക്കുന്നത്.
സൂക്ഷ്മ മൂലക മിശ്രിതമായ സമ്പൂർണയാണ് ഡ്രോണിലൂടെ പാടശേഖരങ്ങളിൽ തളിച്ചത്. കൃത്യമായ ഇടവേളകളിലും അളവിലും സൂക്ഷ്മ മൂലകങ്ങൾ സസ്യങ്ങൾക്കാവശ്യമായ രീതിയിലെത്തിക്കാൻ ഇതിലൂടെ കഴിയും. നെല്ലു പറിച്ച് നടുന്നതിന് മുമ്പ് മിശ്രിതം തളിച്ചിരുന്നു. പറിച്ചുനട്ട് ഒരു മാസത്തിനുശേഷമാണ് ഡ്രോണിെൻറ സഹായത്തോടെ വീണ്ടും മിശ്രിതം തളിച്ചത്. കാർഷിക സർവകലാശാല ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിലാണ് ഡ്രോണിെൻറ വേഗം, പറക്കുന്ന ഉയരം, മൂലകത്തിെൻറ അളവ് എന്നിവ ക്രമീകരിച്ചത്.
മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി. അലക്സ് അധ്യക്ഷത വഹിച്ചു. കാർഷിക സർവകലാശാല ശാസ്ത്രജ്ഞരായ ഡോ. അലൻ തോമസ്, കെ.പി. ശിവജി, ഡോ. അപർണ രാധാകൃഷ്ണൻ, ഡോ. ഇന്ദുലേഖ, ഡോ. സഞ്ജു ബാലൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.