മരുന്ന് വിതരണം പുനരാരംഭിച്ചില്ല; ചികിത്സ കിട്ടാതെ രോഗികൾ മടങ്ങുന്നു
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി ന്യായവില മെഡിക്കൽ ഷോപ്പിലേക്ക് മരുന്ന്-ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം പുനഃസ്ഥാപിക്കാൻ 11ാം ദിവസവും നടപടിയായില്ല. തിങ്കളാഴ്ചയും ന്യായവില മെഡിക്കൽ സ്റ്റോറിൽ മരുന്നില്ലാത്തത് കാരണം കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പ്രതീക്ഷിച്ച് എത്തിയവർ ചികിത്സ ലഭിക്കാതെ മടങ്ങി.
കാൻസർ രോഗികൾക്കു കീമോ തെറപ്പി ചികിത്സക്കുള്ള മരുന്നുകൾ ഇവിടെനിന്ന് ലഭിക്കുന്നില്ലെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു. കീമോതെറപ്പിക്കുള്ള ഡാകാർബഡിൻ, ഫിൽഗാസീം, സൈറ്റാ റാബിൻ, ബീവാസിസുമാബ്, സൈക്ലോഫോസ്ഫമൈഡ് തുടങ്ങിയ മരുന്നുകളുടെ സ്റ്റോക്ക് കുറഞ്ഞു. കാപ്സി ടാബിൻ, ജെഫ്റ്റിനിബ് തുടങ്ങിയ ഗുളികകളും കുറവാണ്. മരുന്നും സാധനങ്ങളും നൽകിയ ഇനത്തിൽ 80 കോടി രൂപ കുടിശ്ശികയായതോടെയാണ് വിതരണക്കാർ കഴിഞ്ഞ 10 മുതൽ മരുന്നും ശസ്ത്രക്രിയക്കുള്ള സാധനങ്ങളും നൽകുന്നത് നിർത്തിയത്.
ഒന്നര മാസത്തെ കുടിശ്ശിക നൽകിയെങ്കിലും സെപ്റ്റംബർ വരെയുള്ള കുടിശ്ശിക ലഭിക്കാതെ മരുന്നു വിതരണം പുനരാരംഭിക്കില്ലെന്നാണ് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ അറിയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.