ലഹരി മാഫിയ പിടിമുറുക്കി പെരിക്കല്ലൂർ
text_fieldsപുൽപള്ളി: കേരള-കർണാടക അതിർത്തി പ്രദേശമായ പെരിക്കല്ലൂർ കള്ളക്കടത്തുകാരുടെ കേന്ദ്രമായി വീണ്ടും മാറുന്നു. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ ഈ വഴി ലഹരിവസ്തുക്കളുടെയടക്കം കള്ളക്കടത്ത് വർധിച്ചിരിക്കുകയാണ്. കബനി നദി വഴി മദ്യം, മയക്കുമരുന്ന് എന്നിവ വ്യാപകമായി വയനാട്ടിലേക്ക് എത്തുകയാണ്. പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ പല ഭാഗങ്ങളിൽനിന്നും നടന്നുകയറുകയും ചെയ്യാം. ഈ അവസരങ്ങൾ ഉപയോഗപ്പെടുത്തിയാണ് കഞ്ചാവ് അടക്കമുള്ള വസ്തുക്കൾ പുൽപള്ളിയിലേക്കടക്കം എത്തുന്നത്.
യുവാക്കളും വിദ്യാർഥികളുമാണ് കഞ്ചാവിന്‍റെയും മറ്റും ഉപഭോക്താക്കൾ. പാൻ ഉൽപന്നങ്ങളും വ്യാപകമായി ഈ വഴി കടത്തുന്നുണ്ട്. കുറഞ്ഞ വിലക്ക് ഇത്തരം ലഹരിവസ്തുക്കൾ കർണാടകയിൽനിന്ന് എത്തിച്ച് വൻ വിലക്ക് വിൽക്കുകയാണ് ലക്ഷ്യം. അതിർത്തി പ്രദേശത്ത് നടക്കുന്ന കള്ളക്കടത്തുകൾ തടയാൻ പെരിക്കല്ലൂരിൽ രണ്ടു വർഷം മുമ്പുവരെ പൊലീസ് ഔട്ട്പോസ്റ്റ് ഉണ്ടായിരുന്നു. വാടകയും മറ്റും കൊടുക്കാൻ കഴിയാത്തതിനാൽ പിന്നീടത് അടച്ചുപൂട്ടി. അന്ന് പൊലീസ് പട്രോളിങ് രാത്രികാലങ്ങളിലടക്കം നടന്നിരുന്നു.
ഇത് ഒരു പരിധിവരെ കള്ളക്കടത്ത് തടയാൻ സഹായിച്ചിരുന്നു. ഇപ്പോൾ ആരുടെയും ശ്രദ്ധ ഇവിടേക്ക് പതിയുന്നില്ല. ഇത് കള്ളക്കടത്തുകാർ മുതലെടുക്കുകയാണ്. പെരിക്കല്ലൂർ പൊലീസ് ഔട്ട്പോസ്റ്റ് സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളടക്കം ഉള്ളവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.