ഇ പാസ് നിർബന്ധം; തദ്ദേശീയരായ യാത്രക്കാരും ദുരിതത്തിലായി
text_fieldsഗൂഡല്ലൂർ: ടൂറിസ്റ്റ് പ്രവേശന നിയന്ത്രണത്തിന് ഏർപ്പെടുത്തിയ ഇ പാസ് ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിലെ സാധാരണക്കാരായ യാത്രക്കാർക്കും തിരിച്ചടിയായി. കേരളത്തിലെ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ഭാഗത്തേക്ക് പോയിവരുന്ന തദ്ദേശീയരായ വാഹന യാത്രക്കാരാണ് നാടുകാണി, ചോലാടി, താളൂർ, പാട്ടവയൽ ചെക്ക് പോസ്റ്റുകൾ കടക്കാൻ ഇ പാസ് പരിശോധനമൂലം ബുദ്ധിമുട്ട് നേരിട്ടത്.
നീലഗിരി ജില്ല രജിസ്ട്രേഷൻ അല്ലാത്ത കെ.എൽ, കെ.എ മറ്റ് ജില്ല രജിസ്ട്രേഷൻ വാഹനങ്ങൾ സ്വന്തമായിട്ടുള്ള നീലഗിരി, ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലുള്ള തദ്ദേശീയരായ യാത്രക്കാരാണ് ഇന്നലെ വാഹന പരിശോധനയിൽ ബുദ്ധിമുട്ടിലായത്.
ഇത്തരമൊരു പ്രശ്നം മുന്നിൽ കാണാതെ പെട്ടെന്ന് ഇ-പാസ് ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായി തീർന്നിട്ടുള്ളത്. അതേസമയം നീലഗിരി രജിസ്ട്രേഷൻ അല്ലാത്ത വാഹനം കൈവശമുള്ള തദ്ദേശീയർ നീലഗിരി ജില്ല ആർ.ടി.ഒ ഓഫിസിൽ രേഖകൾ കാണിച്ച് പാസ് വാങ്ങണമെന്ന് ജില്ല ഭരണകൂടം നേരത്തേ വ്യക്തമാക്കിയത് രണ്ടു ദിവസം മുമ്പാണ്. ഇതും ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇ പാസ് രജിസ്ട്രേഷൻ ആരംഭിച്ചതു മുതൽ രണ്ടാമത് ദിവസമായ ഇന്നലെ ഗൂഡല്ലൂർ, മസിനഗുഡി എന്നിവിടങ്ങളിലെല്ലാം രാവിലെ നിരത്തുകളെല്ലാം ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയാണ് ഉണ്ടായത്. സീസൺ സമയങ്ങളിൽ അതിരാവിലെ തന്നെ ടൂറിസ്റ്റുകളുടെ വാഹന പ്രവാഹം മൂലം ഗതാഗതത്തിരക്കാണ് കാണപ്പെട്ടിരുന്നത്. ഇ പാസ് ഏർപ്പെടുത്തിയത് വെളുക്കാൻ തേച്ചത് പാണ്ടായിപ്പോയി എന്ന അവസ്ഥ ആയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.