പരിസ്ഥിതി ലോല കരടു വിജ്ഞാപനത്തിനെതിരെ പ്രതിഷേധത്തെരുവ്
text_fieldsകൽപറ്റ: വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതി ലോല മേഖലയാക്കുന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ കരടു വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിൽ യു.ഡി.എഫ് പ്രഖ്യാപിച്ച 12 മണിക്കൂർ ഹർത്താൽ പൂർണം. നഗര, ഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.
ഏതാനും ദീർഘദൂര സർവിസുകൾ ഒഴിച്ചാൽ, കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവിസുകളൊന്നും നടത്തിയില്ല. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.
സ്വകാര്യ വാഹനങ്ങൾ പലയിടത്തും തടഞ്ഞു. കർണാടകയിൽനിന്ന് കേരളത്തിലേക്ക് വന്ന ചരക്കു വാഹനങ്ങൾ ഉൾപ്പെടെ പലയിടങ്ങളിലും തടഞ്ഞു. സർക്കാർ ഓഫിസുകളിലും ഹാജർനില നന്നേ കുറവായിരുന്നു. കൽപറ്റയിൽ യു.ഡി.എഫ് പ്രവർത്തകർ രാവിലെ പ്രകടനം നടത്തി.
മാനന്തവാടി: ഹർത്താൽ മാനന്തവാടി താലൂക്കിലും പൂർണം. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും രാവിലെ നിരത്തിലിറങ്ങിയെങ്കിലും രാവിലെ 10 മണിയോടെ മാനന്തവാടി, കാട്ടിക്കുളം, ബാവലി എന്നിവിടങ്ങളിൽ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. ഇത് യാത്രക്കാരെ വലച്ചു. വെള്ളമുണ്ട, തലപ്പുഴ, വാളാട് തുടങ്ങിയ സ്ഥലങ്ങളിലും കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു.
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. അസംപ്ഷൻ ജങ്ഷൻ, ചുങ്കം എന്നിവിടങ്ങളിലായിരുന്നു ഹർത്താൽ അനുകൂലികൾ തമ്പടിച്ചത്. ദൊട്ടപ്പൻ കുളം ഭാഗത്തേക്കും മൈസൂരു റോഡിൽ മന്ദണ്ടികുന്ന് ഭാഗത്തേക്കും വാഹനങ്ങളുടെ നിര നീണ്ടു. മീനങ്ങാടിയിലും വാഹനങ്ങൾ തടഞ്ഞു.
വൈത്തിരി: വൈത്തിരിയിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ ഓഫിസുകളിൽ പേരിനു മാത്രം ജീവനക്കാർ ഹാജരായി.
താലൂക്ക് ആശുപത്രി ഒഴികെ ഓഫിസുകളൊന്നും തുറന്നില്ല. വിനോദ സഞ്ചാര കേന്ദ്രമായ പൂക്കോട് തടാകം തുറന്നിരുന്നെങ്കിലും സഞ്ചാരികൾ കുറവായിരുന്നു. ദേശീയപാതയിൽ ലക്കിടി, തളിപ്പുഴ, വൈത്തിരി എന്നിവിടങ്ങളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ദൂരെ ദിക്കുകളിൽ നിന്നെത്തിയവർ ഭക്ഷണം ലഭിക്കാതെ വലഞ്ഞു. ഇതര സംസ്ഥാനത്തുനിന്നെത്തിയ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ പൊലീസ് അകമ്പടിയോടെ ചുരം കടന്നു.
മേപ്പാടി: ആംബുലൻസുകളും ഒറ്റപ്പെട്ട സ്വകാര്യ, ഇരുചക്ര വാഹനങ്ങളുമൊഴിച്ചാൽ നിരത്തുകൾ ഏതാണ്ട് വിജനമായിരുന്നു. വ്യാപാരികളും ഹർത്താലിനെ പിന്തുണച്ചതോടെ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ, ടാക്സി, ഓട്ടോ വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു
കൽപറ്റ: വയനാട് വന്യജീവി സങ്കേതത്തിെൻറ ചുറ്റുമുള്ള പ്രദേശങ്ങളെ അതിപാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയായി ഉൾപ്പെടുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പ്രദേശത്ത് ദശാബ്ദങ്ങളായി അധിവസിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കാൻ മാത്രമേ ഈ വിജ്ഞാപനം ഉതകൂ. മാത്രമല്ല, പ്രദേശത്തെ നിർമാണപ്രവർത്തനങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങളുടെയും സമ്പൂർണമായ നിരോധനമാണ് ഈ വിജ്ഞാപനംമൂലം ഉണ്ടാകുന്നതെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി ഉണ്ടായ പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും നൽകിയ ആഘാതത്തിൽനിന്ന് വയനാട്ടിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതേയുള്ളൂ. ജനങ്ങളുടെ ജീവനും സ്വത്തിനും ജീവനോപാധികൾക്കും കനത്ത നഷ്ടമാണ് ഈ പ്രകൃതിദുരന്തങ്ങളുണ്ടാക്കിയത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വലിയ പിന്തുണയും സഹായവുമുണ്ടെങ്കിൽ മാത്രമേ ഇവിടത്തെ ജനങ്ങൾക്ക് അതിജീവനം സാധ്യമാവൂ. അതിനെ തുരങ്കംവെക്കുന്ന പ്രവർത്തനങ്ങൾ ഏതു ഭാഗത്തുനിന്നുണ്ടായാലും പൊതുജനങ്ങളുടെ ഭാഗത്തുനിന്ന്് കടുത്ത എതിർപ്പു വിളിച്ചുവരുത്തുമെന്നും ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു.
വളരെയേറെ ജനസാന്ദ്രതയുള്ള വില്ലേജുകളാണ് വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും നിലനിൽക്കുന്നതെന്നും അതുകൊണ്ട് ഉടൻതന്നെ ഈ വിജ്ഞാപനം പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.