'പരിസ്ഥിതിലോല മേഖല: രാഹുല്‍ഗാന്ധിയെ ഇകഴ്ത്തി ബി.ജെ.പിയെ സുഖിപ്പിക്കാൻ സി.പി.എം ശ്രമം'
text_fieldsകൽപറ്റ: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി വിധിയെത്തുടർന്ന് മുഖ്യമന്ത്രിക്ക് കത്തയച്ച രാഹുല്‍ഗാന്ധിയെ പരിഹസിക്കുന്നതിന് മുമ്പ് കോടതി വിധി ഒരു തവണയെങ്കിലും വായിച്ച് നോക്കാന്‍ സി.പി.എമ്മും ജില്ല സെക്രട്ടറി പി. ഗഗാറിനും തയാറാകണമെന്ന് ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി. അപ്പച്ചന്‍ വാർത്തക്കുറിപ്പിൽ പറഞ്ഞു. രാഹുല്‍ഗാന്ധിയെ പൊതുജനമധ്യത്തില്‍ താഴ്ത്തിക്കെട്ടാനും ബി.ജെ.പിയെ സുഖിപ്പിക്കാനുമുള്ള സി.പി.എം ശ്രമം വയനാട്ടിലെ ജനങ്ങളുടെ മുന്നില്‍ വിലപ്പോവില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധിന്യായത്തില്‍ 44ാം ഭാഗത്തില്‍ എഫ് ഖണ്ഡികയില്‍ പറയുന്നത്: 'പൊതുജനത്തിന്‍റെ താൽപര്യമനുസരിച്ച് പരിസ്ഥിതി ലോല പ്രദേശത്തിന്‍റെ ദൂരപരിധി കുറക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്കോ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കോ അത് സംബന്ധിച്ച നിർദേശം കേന്ദ്ര എംപവേഡ് കമ്മിറ്റിക്കോ കേന്ദ്ര പരിസ്ഥിതി വനം-കാലാവസ്ഥ വ്യതിയാന വകുപ്പിനോ, രണ്ട് പേര്‍ക്കും കൂടിയോ സമര്‍പ്പിക്കാമെന്നും ആ സ്ഥാപനങ്ങള്‍ പ്രസ്തുത നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ കോടതി ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കും' എന്നുമാണ്. ഇതേ ഭാഗത്തിന്റെ 'ജി' ഖണ്ഡികയില്‍ പറയുന്നത്, ബഫര്‍സോണ്‍ കുറക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് മാത്രമെ നിർദേശിക്കാന്‍ കഴിയൂ എന്നും വര്‍ധിപ്പിക്കുന്നതിന് ആര്‍ക്ക് വേണമെങ്കിലും നിര്‍ദേശം സമര്‍പ്പിക്കാം എന്നുമാണ്.
ഈ വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാറിന് വയനാട്ടിലെ ജനങ്ങള്‍ക്ക് ഇപ്പോഴുണ്ടായിട്ടുള്ള ഭീതി അകറ്റാന്‍ കഴിയുമെന്നും അതിനായുള്ള ശ്രമം സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നുമാണ് രാഹുല്‍ഗാന്ധി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. സി.പി.എം വഞ്ചന ജനം തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയാണ് അവര്‍ രാഹുല്‍ഗാന്ധിയെ അപമാനിച്ച് ജാള്യത മറക്കാൻ ശ്രമിക്കുന്നതെന്നും അപ്പച്ചന്‍ ആരോപിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ പ്രസ്താവന ജാള്യത മറക്കാൻ -യൂത്ത് കോൺഗ്രസ്
കൽപറ്റ: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി എം.പി മുഖ്യമന്ത്രിക്ക് കത്ത് അയച്ചതുമായി ബന്ധപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയും നടത്തിയ പ്രസ്താവനകൾ സംസ്ഥാന സർക്കാറിന്‍റെ വീഴ്ചകൾ മറച്ചുവെക്കാൻ വേണ്ടിയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി. സുപ്രീം കോടതി വിധിയിൽ പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ചിരിക്കുന്നത് ഒരു കിലോമീറ്റർ ദൂരപരിധിയാണ്. 2019 ഒക്ടോബർ 23ന് സംസ്ഥാന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചതും ഒരു കിലോമീറ്റർ ദൂരപരിധി തന്നെയാണ്. വയനാട്ടിലെ ജനങ്ങളോട് ആത്മാർഥത ഉണ്ടെങ്കിൽ ഇടതുപക്ഷം സ്വന്തം സർക്കാറിന്‍റെ തെറ്റായ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള ആർജവം കാണിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു.
പ്രസ്താവന സി.പി.എം അജ്ഞത കാരണം -അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ
കല്‍പറ്റ: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച രാഹുല്‍ഗാന്ധി എം.പിക്കെതിരായ സി.പി.എം പ്രസ്താവന കോടതിവിധിയെ കുറിച്ചുള്ള അജ്ഞത കൊണ്ടാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ. സംസ്ഥാന സര്‍ക്കാറിന്‍റെ പരിധിയില്‍ നില്‍ക്കുന്നതല്ല ഈ വിഷയമെന്ന് പറഞ്ഞ് സി.പി.എമ്മും എല്‍.ഡി.എഫും ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. ഇത് ഇനിയും സുപ്രീംകോടതി വിധി വായിക്കാത്തത് കൊണ്ടാണെന്ന് അദ്ദേഹം പരിഹസിച്ചു.
വിമർശനം വസ്തുതകൾ പഠിക്കാതെ -ഡി.വൈ.എഫ്.ഐ
കൽപറ്റ: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഇടതുപക്ഷ നേതാക്കൾ വായിച്ച് നോക്കണം എന്നൊക്കെയുള്ള പ്രചാരണം വസ്തുതകൾ പഠിക്കാതെയുള്ളതെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. റഫീഖ് പറഞ്ഞു.
ചില വിഷയങ്ങളിൽ കോടതിയെ സമീപിച്ചാൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് ഉത്തരവിൽ പറയുന്നത്. കോടതിക്ക് മുന്നിൽ എത്തുന്ന പരാതികൾ മുഴുവൻ അതേപടി പരിഗണിക്കപ്പെടുമെന്നോ നിലവിലെ വിധി പൂർണമായി പുനഃപരിശോധിക്കുമെന്നോ അല്ലെന്ന് ഏതെങ്കിലും ഒരു ഭാഗം അടർത്തിയെടുത്ത് തെറ്റായി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ മനസ്സിലാക്കണം.
നിലവിൽ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിനെ മറികടക്കാൻ സംസ്ഥാന സർക്കാറുകൾക്ക് സവിശേഷമായ അധികാരം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന നിലയിലാണ് ഇത്തരം പ്രചാരണം ബോധപൂർവം നടക്കുന്നത്. കോടതി വിധിയിലെ നിർദേശങ്ങൾ അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ച് ജാള്യത മറയ്ക്കാൻ ശ്രമിക്കുന്നവർ വയനാടിന്‍റെ പൊതുതാൽപര്യം ഉയർത്തിപ്പിടിച്ച് ഇടതുപക്ഷം നടത്തുന്ന ബഹുജന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും റഫീഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.