പരിസ്ഥിതി ലോല മേഖല: വയനാട്ടിൽ രണ്ട് ഹർത്താലിൽ ജനം വലയും
text_fieldsസുൽത്താൻ ബത്തേരി: വനത്തോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോലമാക്കിയുള്ള സുപ്രീംകോടതി ഉത്തരവിനെതിരെയുള്ള സമരങ്ങളിൽ ഐക്യരൂപം ഉണ്ടാകുന്നില്ല.
എൽ.ഡി.എഫും യു.ഡി.എഫും ഇക്കാര്യത്തിൽ നേർക്കുനേർ പോരാടുകയാണ്. ഈ രീതി തുടർന്നാൽ സമരങ്ങളുടെ പേരിൽ ജനം വലയുന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഞായറാഴ്ചത്തെ ഹർത്താലിനു ശേഷം 16ാം തീയതിയാണ് വീണ്ടും ഹർത്താൽ വരാൻ പോകുന്നത്. സമരത്തിൽ ഐക്യരൂപം ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകില്ലായിരുന്നു. വിഷയത്തിൽ സി.പി.എം സമരത്തെ യു.ഡി.എഫ് പരസ്യമായി തള്ളിപ്പറയുകയാണ്. സർവകക്ഷികളെ ചേർത്തുള്ള കർമസമിതി രൂപവത്കരണം ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടായിരിക്കുകയാണെന്നാണ് വിലയിരുത്തൽ.
2019 ആഗസ്റ്റിൽ വനത്തോട് ചേർന്ന ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോലമാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ എടുത്ത തീരുമാനം ഉയർത്തിയാണ് യു.ഡി.എഫ്, എൽ.ഡി.എഫിനെ അടിക്കുന്നത്. ഇപ്പോൾ ശക്തമായി സമരമുഖത്തുള്ള എൽ.ഡി.എഫ് ഇതിനെ ശക്തമായി പ്രതിരോധിക്കുന്നു.
ബി.ജെ.പി ഉൾപ്പെടെ മറ്റു സംഘടനകളും സമരപാതയിലാണ്. അവരും ഹർത്താൽ ആഹ്വാനം ചെയ്താൽ സാധാരണ ജനജീവിതം ദുരിതത്തിലാകും. സുപ്രീം കോടതി ഉത്തരവ് വന്നതിനുശേഷം ജില്ലയിൽ ആദ്യമായി ഹർത്താലിന് ആഹ്വാനം ചെയ്തത് മുസ്ലിം ലീഗ് സുൽത്താൻ ബത്തേരി മുനിസിപ്പൽ കമ്മിറ്റിയാണ്. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ 14ന് അവർ പ്രഖ്യാപിച്ച ഹർത്താൽ 16ന് യു.ഡി.എഫ് ജില്ല ഹർത്താൽ നടത്തുന്ന സാഹചര്യത്തിൽ അവർ ഉപേക്ഷിച്ചു.
ഓരോ ദിവസം കഴിയുന്തോറും സമരത്തിലേക്ക് ഇറങ്ങുന്ന സംഘടനകളുടെ എണ്ണം കൂടിവരുകയാണ്. അതേസമയം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ഹർത്താലിനെ കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.