പാഴേരിയിൽ തെരഞ്ഞെടുപ്പ് ചൂട്; തന്ത്രങ്ങൾ മെനഞ്ഞ് യു.ഡി.എഫും എൽ.ഡി.എഫും
text_fieldsസുൽത്താൻ ബത്തേരി: നഗരസഭയിലെ പാഴേരി ഡിവിഷനിൽ തെരഞ്ഞെടുപ്പ് ആവേശം. ഉപ തെരഞ്ഞെടുപ്പ് അടുത്തതോടെ തന്ത്രങ്ങൾ മെനഞ്ഞ് പാർട്ടികൾ. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് ഇവിടെ പ്രധാന മത്സരം.
ഡിവിഷൻ നിലനിർത്താൻ യു.ഡി.എഫും അട്ടിമറി വിജയത്തിന് എൽ.ഡി.എഫും കളത്തിലിറങ്ങിയതോടെ തെരഞ്ഞെടുപ്പ് പോരിനു ചൂടേറി. പുതുമുഖമായ എം.കെ. മനോജാണ് യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച എസ്. രാധാകൃഷ്ണൻ തന്നെയാണ് ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർഥി. പൊതുവെ പഴേരി ഡിവിഷൻ യു.ഡി.എഫിെന പിന്തുണക്കുന്നതാണ് പതിവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അതാവർത്തിച്ചു. 96 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് കെ.പി.സി.സി സെക്രട്ടറി കൂടിയായിരുന്ന എം.എസ്. വിശ്വനാഥൻ വിജയിച്ചത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആവേശം ചോരുന്നതിനു മുമ്പേ യു.ഡി.എഫ് അംഗം കളംമാറി ചവിട്ടിയത് പഴേരിയിലെ വോട്ടർമാരെ ഒന്നടങ്കം അമ്പരപ്പിലാക്കിയിരുന്നു. പഴേരി വാർഡ് പട്ടികവർഗ സംവരണമാണ്. സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ സ്ഥാനവും പട്ടികവർഗ സംവരണമായതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പഴേരി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വൻ ഭൂരിപക്ഷത്തിൽ നഗരസഭയിൽ അധികാരത്തിലേറാമെന്ന് പ്രതീക്ഷിച്ച യു.ഡി.എഫ് വിശ്വനാഥനെ ചെയർമാൻ സ്ഥാനാർഥിയാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പഴേരിയിൽ വിജയിക്കാനായെങ്കിലും നഗരസഭ ഭരണം യു.ഡി.എഫിനെ കൈവിട്ടു.
അതോടെ വിശ്വനാഥന് ചെയർമാനാകാനുള്ള അവസരവും ഇല്ലാതായി. നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ വിശ്വനാഥൻ യു.ഡി.എഫുമായി ഇടഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥിയാകുന്നതിനു മുന്നോടിയായി അദ്ദേഹം മെംബർ സ്ഥാനം രാജിവെക്കുകയും ചെയ്തു. പാഴേരിയിൽ ഇത്തവണ ആര് ജയിച്ചാലും നഗരസഭ ഭരണത്തിന് മാറ്റമുണ്ടാകില്ല.
എന്നാൽ ബലപരീക്ഷണത്തിനുള്ള ഒരു വേദിയായി ഉപതെരഞ്ഞെടുപ്പ് മാറി. നഗരസഭയിൽ മൊത്തത്തിലുള്ള ഭൂരിപക്ഷം ഇത്തവണ പാഴേരിയിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ബി.ജെ.പിക്ക് വെറും 43 വോട്ടുകൾ മാത്രമാണ് കഴിഞ്ഞ തവണ ഡിവിഷനിൽനിന്നു ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.