വൈദ്യുതികമ്പിവേലി പദ്ധതി കടലാസിൽ; ഉറക്കം നഷ്ടപ്പെട്ട് കാപ്പംകൊല്ലിക്കാർ
text_fieldsമേപ്പാടി: കാട്ടാനശല്യം പ്രതിരോധിക്കാനുള്ള പദ്ധതികൾ കടലാസിൽ ഉറങ്ങുമ്പോൾ കാപ്പംകൊല്ലി പ്രദേശവാസികൾക്ക് ഉറക്കമില്ലാരാത്രികൾ. കഴിഞ്ഞ ഒരാഴ്ചയിലധികമായി എല്ലാ ദിവസങ്ങളിലും രാത്രി കാട്ടാനകളുടെ വിളയാട്ടമാണ് പ്രദേശത്ത്.
കാപ്പം കൊല്ലി ദിമെസെ സിസ്റ്റേഴ്സ് കോൺവെന്‍റ് വളപ്പിനുള്ളിൽ കഴിഞ്ഞ നാലുദിവസമായി രാത്രി സ്ഥിരമായി കാട്ടാനകൾ നാശം വിതക്കുകയാണ്. ആറ് തെങ്ങുകൾ, വാഴ, കമുക്, കടപ്ലാവ്, പേര തുടങ്ങിയ ഫലവൃക്ഷങ്ങൾ വ്യാപകമായി നശിപ്പിച്ചു. വളപ്പിനുള്ളിലെ 12 കുട്ടികൾ പഠിക്കുന്ന നഴ്സറിയുടെ കളിസ്ഥലം ചവിട്ടി താറുമാറാക്കി. അധികം അകലെയല്ലാത്ത വനഭാഗത്ത് തമ്പടിച്ച കാട്ടാനകൾ പകലും വരാൻ സാധ്യത കൂടുതലാണെന്ന് മദർ സുപ്പീരിയർ സിസ്റ്റർ ഡെയ്സി പറയുന്നു.
പേടിച്ച് ഉറക്കമില്ലാതെയാണ് രാത്രി കഴിച്ചുകൂട്ടുന്നത്.
കാപ്പംകൊല്ലിയിലെ കർഷകനായ ആലുക്കൽ വിൽസന്‍റെ രണ്ട് ഏക്കർ തോട്ടം ഏതാണ്ട് പകുതിയോളം കഴിഞ്ഞ ഒരാഴ്ചക്കിടയിൽ കാട്ടാനകൾ നശിപ്പിച്ചു.
12 തെങ്ങുകൾ, 200ൽപരം കാപ്പിച്ചെടികൾ, കമുകുകൾ, 25 ഓളം കുരുമുളക് വള്ളികൾ, വാഴകൾ എല്ലാം നശിപ്പിച്ചിട്ടുണ്ട്.
മുൻ വർഷവും 18 തെങ്ങുകൾ ആനക്കൂട്ടം നശിപ്പിച്ചിരുന്നു. നശിച്ച കാർഷിക വിളകൾക്ക് വനം വകുപ്പ് നഷ്ടപരിഹാരം നൽകുന്നുമില്ലെന്ന് കർഷകർ പറയുന്നു.
വനാതിർത്തിയിൽ ഏതാണ്ട് ഒന്നര കി.മീ. ദൂരത്തിൽ വൈദ്യുതി ഫെൻസിങ് നടത്തിയാൽ പ്രദേശത്തെ കൃഷി സംരക്ഷിക്കാനാകും. പ്രഖ്യാപനങ്ങളല്ലാതെ പ്രായോഗിക നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.