ക്ഷേത്രദർശനത്തിന് എത്തിയവരുടെ കാർ കാട്ടാന തകർത്തു; തോൽപെട്ടിയിൽ ലോറിക്ക് നേരെ ആക്രമണം
text_fieldsമാനന്തവാടി: ഒരുമണിക്കൂറിെൻറ വ്യത്യാസത്തിൽ തിരുനെല്ലിയിലും തോൽപെട്ടിയിലും കാട്ടാനകളുടെ ആക്രമണം. രണ്ട് വാഹനങ്ങൾ തകർത്തു. വാഹനങ്ങളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ എട്ടോടെയാണ് ആദ്യസംഭവം.
തിരുനെല്ലി ക്ഷേത്രദർശനത്തിനെത്തിയ കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് മനീഷ നിവാസിൽ മനീഷും മൂന്ന് സുഹൃത്തുക്കളും സഞ്ചരിച്ച സെലേറിയോ കാറിന് നേരെ തിരുനെല്ലി പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ആന ആക്രമിക്കുകയായിരുന്നു.
കാറിെൻറ മുൻഭാഗത്തെ ചില്ലുകൾ പൂർണമായും തകർത്തു. ഇതിനിടയിൽ കാറിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടി. ബഹളംകേട്ട് ആളുകൾ എത്തിയതോടെ ആന കാട്ടിലേക്ക് മടങ്ങി. പിന്നാലെ ഒമ്പതോടെയാണ് രണ്ടാമത്തെ സംഭവം. തോൽപെട്ടി തെറ്റ് റോഡിന് സമീപം നിലയുറപ്പിച്ച കൊമ്പനെ വനപാലകർ തുരത്താൻ ശ്രമിക്കുന്നതിനിടെ ഇതുവഴിവന്ന ലോറിക്ക് നേരേ പാഞ്ഞടുത്തു.
കൊമ്പൻ ലോറിയുടെ മുൻഭാഗം തകർത്തു. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ കാട്ടിക്കുളം സ്വദേശി സുമേഷും സഹഡ്രൈവർ മാനന്തവാടി സ്വദേശി സന്തോഷും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ആന്ധ്രപ്രദേശിൽനിന്ന് കടപ്പ കയറ്റാൻ പോവുകയായിരുന്നു ലോറി. ആനയുടെ ആക്രമണം ഉണ്ടായതോടെ ഇതുവഴി സഞ്ചരിക്കുന്ന വാഹനയാത്രക്കാർ ഭീതിയിലാണ്. തിരുനെല്ലി പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ആനശല്യം രൂക്ഷമായതോടെ ജനജീവിസം ദുസ്സഹമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.