നാട്ടുകാരുടെ ഉറക്കംകെടുത്തി കാട്ടാന
text_fieldsഗൂഡല്ലൂർ: ഓടകൊല്ലി, മണ്ണുവയൽ, ശ്രീമധുര, പുത്തൂർവയൽ ഉൾപ്പെടെയുള്ള ശ്രീമധുര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വീടുകൾക്കും ജനങ്ങൾക്കും ഭീഷണിയുയർത്തി വിനായകൻ എന്ന കാട്ടാന. വർഷങ്ങളായി ഈ സ്ഥിതി. ആനശല്യത്തിൽ പൊറുതിമുട്ടിയിട്ടും വനംവകുപ്പടക്കമുള്ള അധികൃതരുടെ ഭാഗത്തുനിന്നും കാട്ടാനയെ പിടികൂടാൻ നടപടി ഉണ്ടാവുന്നില്ല. തിങ്കളാഴ്ച പുലർച്ചെ ഓടകൊല്ലി ഭാഗത്ത് എത്തിയ കാട്ടാന ലീലയുടെ വീട് തകർത്തു. തലനാരിഴക്കാണ് വീടിനുള്ളിൽ കിടന്നുറങ്ങുന്ന ലീലയും കുടുംബവും രക്ഷപ്പെട്ടത്. വീടുകൾ തകർക്കുന്നത് പതിവായി. എന്നാൽ, വനംവകുപ്പ്, റവന്യൂ അധികൃതരും പരിഹാരം കാണുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. സുനിൽ പരാതിപ്പെട്ടു.
ഇതുസംബന്ധിച്ച് വനംവകുപ്പ് മന്ത്രിക്ക് രണ്ടുതവണ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു.രാവിലെ മുതൽ വൈകീട്ട് വരെ കൂലിപ്പണിചെയ്ത് വീട്ടിലെത്തിയാൽ ആനപ്പേടിയിൽ സമാധാനമായി ജനങ്ങൾക്ക് കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഒരുവർഷത്തിലേറെയായി ഇതേ ഭീഷണി തുടരുകയാണ്.
ജനങ്ങൾ വീണ്ടും പ്രക്ഷോഭത്തിലേക്ക് തള്ളപ്പെടുന്ന ഒരു അവസ്ഥ സംജാതമാകുകയും അതിന് കാരണക്കാർ അധികൃതർ തന്നെയാണെന്നും പ്രസിഡൻറ് ആരോപിച്ചു. കാട്ടാനയെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോയമ്പത്തൂർ മേഖലയിൽ രണ്ടുപേരെ കൊല്ലുകയും ജനങ്ങൾക്ക് ഭീഷണിയും ആയതോടെ കാട്ടാനയെ അവിടെനിന്ന് പിടികൂടി മുതുമലയിലെ ജനവാസ കേന്ദ്രത്തിന് സമീപത്ത് ഇറക്കിവിടുകയാണ് ചെയ്തിരിക്കുന്നത് എന്നാണ് ജനങ്ങളുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.