Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവയനാടൻ ഊര്...

വയനാടൻ ഊര് കാഴ്ചകളുമായി 'എൻ ഊര്'

text_fields
bookmark_border
വയനാടൻ ഊര് കാഴ്ചകളുമായി എൻ ഊര്
cancel

കൽപറ്റ: മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കാന്‍ മഴക്കാല ഗോത്ര പാരമ്പര്യ ഉൽപന്ന പ്രദര്‍ശന വിപണന ഭക്ഷ്യ കലാമേള 'മഴക്കാഴ്ച' ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഉദ്ഘാടനത്തിന്‍റെ ഭാഗമായി നടക്കും. മഴക്കാഴ്ച എക്‌സിബിഷന്‍ ഒ.ആര്‍. കേളു എം.എല്‍.എയും കുടുംബശ്രീ ട്രൈബല്‍ കഫറ്റീരിയ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മഴക്കാല ഗോത്ര തനത് ഭക്ഷ്യമേള, മഴക്കാല ഗോത്ര കലാരൂപ പ്രദര്‍ശനം, മഴക്കാല ഗോത്ര പുരാതന കാര്‍ഷിക വിള, ഉപകരണ പ്രദര്‍ശനം, മഴക്കാല ഗോത്ര മരുന്നുകള്‍, ഗോത്ര തനത് ആവിക്കുളി, പി.ആര്‍.ഡിയുടെ ഗോത്ര ഫോട്ടോഗ്രഫി പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

എന്‍ ഊര് സ്ഥാപക അംഗങ്ങളായ ഊരുമൂപ്പന്‍മാരെ ആദരിക്കലും ജില്ല നിർമിതി കേന്ദ്രക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. വയനാട്ടിലെ ഗോത്ര പാരമ്പര്യ വിദഗ്ധരെയും എന്‍ ഊര് ആര്‍ക്കിടെക്ടുകളെയും മന്ത്രി പി.എ. മുഹമ്മദ് റിയാസും എന്‍ ഊര് സി.എസ്.ആര്‍ ഫണ്ട് സപ്പോര്‍ട്ടേഴ്സിനെ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയും ആദരിക്കും.

സമാപന സമ്മേളനം ജൂണ്‍ അഞ്ചിന് വൈകീട്ട് മൂന്നിന് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എന്‍ ഊര് ആസ്പിരേഷന്‍ ഡിസ്ട്രിക് പരിശീലകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്, മെമന്‍റോ എന്നിവ കലക്ടര്‍ എ. ഗീത വിതരണം ചെയ്യും. രണ്ടു ദിവസങ്ങളിലും വിവിധ ഗോത്ര കലാ പരിപാടികളും അരങ്ങേറും. വാർത്തസമ്മേളനത്തില്‍ സബ് കലക്ടറും എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്‍റുമായ ആര്‍. ശ്രീലക്ഷ്മി, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.വി. വിജേഷ്, എന്‍. ഊര് സൊസൈറ്റി സെക്രട്ടറി വി. ബാലകൃഷ്ണന്‍, സി.ഇ.ഒ ഇന്‍ചാര്‍ജ് പി.എസ്. ശ്യാം പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ലക്ഷ്യങ്ങൾ

• കേരളത്തിലെ ഗോത്ര പാരമ്പര്യ വൈവിധ്യങ്ങളെ എന്‍ ഊര് പൈതൃകഗ്രാമം കോര്‍ത്തിണക്കും. ഇതുവഴി ഗോത്രജനതക്ക് സ്ഥിര വരുമാന വര്‍ധനവിനും ജീവിത അഭിവൃദ്ധിക്കും അവസരം ഒരുക്കും.

• പുതുതലമുറകള്‍ക്കായി ഗോത്ര കലകള്‍, വാസ്തു വൈദഗ്ധ്യങ്ങള്‍, പൈതൃകങ്ങള്‍, പാരമ്പര്യ വിജ്ഞാനീയം എന്നിവയുടെ സംരക്ഷണവും പരിപോഷണവും.

• ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രായോഗിക സാമ്പത്തിക വരുമാന മാതൃകകള്‍ ആവിഷ്‌കരിക്കൽ

• ഗോത്ര സമൂഹത്തിന് അവരുടെ ഉൽപന്നങ്ങള്‍ വില്‍ക്കാന്‍ ഇടനിലക്കാരനില്ലാതെ നേരിട്ടുള്ള വിപണി ഒരുക്കൽ.

• വിവിധ സ്വയംതൊഴില്‍ സംരംഭങ്ങളില്‍ പരിശീലനം നല്‍കി ഇവര്‍ക്കിടയില്‍ ഉപജീവനത്തിനുള്ള വരുമാന മാര്‍ഗങ്ങള്‍ വികസിപ്പിക്കുക.

• ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ ശുചിത്വ പരിപാലനം, ആരോഗ്യ സംരക്ഷണം, സാക്ഷരത തുടങ്ങിയവയെക്കുറിച്ചുള്ള ബോധവത്കരണം ഉറപ്പാക്കുക.

• ഗോത്ര വിഭാഗങ്ങളുടെ കഴിവുകളും നൈപുണ്യങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടനകള്‍, സന്നദ്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി വിനിമയം ചെയ്ത് സാമ്പത്തികാഭിവൃദ്ധിക്കുള്ള കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക,

• സര്‍ക്കാര്‍ സഹായത്തോടെയും പിന്തുണയോടെയും ഗോത്ര ഉൽപന്നങ്ങളുടെ വിപണനം ഉറപ്പാക്കുക.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സമര്‍പ്പണവും രണ്ടാംഘട്ട ഉദ്ഘാടനവും നാളെ

കൽപറ്റ: ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച 'എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം' പൂക്കോട്ട് ഉദ്ഘാടനത്തിനൊരുങ്ങി. സംസ്ഥാന സര്‍ക്കാറിന്‍റെ സമഗ്ര പട്ടിക വര്‍ഗ വികസന പദ്ധതിയായ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിനു സമര്‍പ്പിക്കലും രണ്ടാം ഘട്ടത്തിന്‍റെ ഉദ്ഘാടനവും ശനിയാഴ്ച രാവിലെ 11.30ന് നടക്കും.

മന്ത്രി കെ. രാധാകൃഷ്ണന്‍ പദ്ധതി നാടിനായി സമര്‍പ്പിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് രണ്ടാംഘട്ടത്തിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കും. അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഗോത്രജനതയുടെ വൈവിധ്യങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്താനാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം പരിശ്രമിക്കുന്നത്.

ഗോത്ര വിപണി:

ഗോത്ര വിഭാഗങ്ങള്‍ നിർമിച്ച കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, പരമ്പരാഗത തനത് കാര്‍ഷിക ഉൽപന്നങ്ങള്‍, പച്ചമരുന്നുകള്‍, മുള ഉൽപന്നങ്ങള്‍, ചൂര ഉൽപന്നങ്ങള്‍, പാരമ്പര്യ ഔഷധ ചെടികള്‍ തുടങ്ങിയവ വില്‍ക്കുന്ന ഗോത്ര വിപണി തയാറായിട്ടുണ്ട്. വിവിധ ഗോത്ര വിഭാഗത്തിന്റെ കരകൗശല വൈദഗ്ധ്യം നേരിട്ട് കാണാനും ഇവിടെ അവസരമൊരുക്കും.

ഓപണ്‍ എയര്‍ തിയറ്റര്‍:

എല്ലാ ദിവസവും സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കുന്ന ഓപണ്‍ എയര്‍ തിയറ്ററില്‍ ഗോത്രകലാവതരണം നടക്കും.

ട്രൈബല്‍ കഫറ്റീരിയ (വംശീയ ഭക്ഷണശാല):

രണ്ട് പ്രീമിയം കഫ്റ്റീരിയകളാണ് ഇവിടെ സജ്ജീകരിച്ചത്. ഗോത്ര വിഭാഗങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളും മറ്റുള്ള വിഭവങ്ങള്‍ക്കൊപ്പം ഇവിടെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടാം. ഫെസിലിറ്റേഷന്‍ സെന്‍റര്‍, വെയര്‍ ഹൗസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. പ്രകൃതി സൗഹൃത കളിമൈതാനങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കുന്ന കുട്ടികളുടെ പാര്‍ക്ക്, ഗോത്ര പൈതൃകങ്ങളെ തൊട്ടറിഞ്ഞുള്ള ഹെറിറ്റേജ് വാക്ക്‌വേ, ഗോത്ര ജീവിത ചാരുതകളും ചരിത്രങ്ങളും നാള്‍വഴികളും വിശദമാക്കുന്ന ഗോത്ര പുനരാഖ്യാന കേന്ദ്രം, ഗോത്ര കലാകാരന്മാര്‍ക്ക് കലകള്‍ ആവിഷ്‌കരിക്കുന്നതിന് കരകൗശല ഉൽപന്നങ്ങളും പരമ്പരാഗത ഉൽപന്നങ്ങളും നിർമിക്കുന്നതിന് ആവശ്യമായ പണിശാല തുടങ്ങിയവയും സജ്ജീകരിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newstribal lifeTribes in Wayanad
Next Story